സിനിമയിലേക്ക് വരുന്നതിന് മുമ്പ് മോഹന്‍ലാലിനൊപ്പമുണ്ടായ അനുഭവത്തെ പറ്റി സംസാരിച്ച് ആസിഫ് അലി. അവതാരകനായിരിക്കുന്ന കാലത്ത് മോഹന്‍ലാലിന്റെ ഇന്റര്‍വ്യൂ എടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കാലില്‍ വീണ് എനിക്ക് അടുത്ത ലാലേട്ടനാവണം എന്ന് പറഞ്ഞതിനെ പറ്റിയായിരുന്നു അവതാരകന്റെ ചോദ്യം.
മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോള്‍ മതിമറന്ന് ചെയ്തുപോയതാണെന്നും പക്ഷേ അതില്‍ കുറ്റബോധമില്ലെന്നും പോപ്പര്‍ സ്‌റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.
‘സ്വപ്‌നം കാണാന്‍ ധൈര്യം കാണിച്ച ഒരാളുടെ അഹങ്കാരമായിട്ട് തന്നെ കാണാം അത്. അങ്ങനെ ഒരു അവസരം കിട്ടിയപ്പോള്‍ വേറെ ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല. മലയാള സിനിമ കണ്ടുതുടങ്ങിയ, മലയാള സിനിമ ഇഷ്ടപ്പെടുന്ന എല്ലാ സാധാരണക്കാര്‍ക്കുമുള്ള ആഗ്രഹമാണ് മോഹന്‍ലാലിനെ നേരിട്ട് കാണുക എന്നുള്ളത്. ആ സമയത്ത് മതിമറന്ന് ചെയ്തുപോയൊരു അവിവേകമായിരുന്നു അത്.
പക്ഷേ അങ്ങനെ ചോദിച്ചതിലോ അതിന് ധൈര്യം കാണിച്ചതിലോ ഒരു പോയിന്റില്‍ പോലും കുറ്റസമ്മതം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള കുറെ സംഭവങ്ങള്‍ തന്നെയാണ് ഇങ്ങനെയുള്ള ഒരു യാത്രക്ക് തുടക്കം തന്നതും അതിനൊരു ഫ്യുവലായി മാറിയതും,’ ആസിഫ് പറഞ്ഞു.
കൂമനാണ് ഒടുവില്‍ റിലീസ് ചെയ്ത ആസിഫ് ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു മലയോര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ഗിരി ശങ്കറിനെ കേന്ദ്രീകരിച്ച് നടക്കുന്ന കഥ വ്യത്യസ്തമായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.