മലയാളികളുടെ പ്രിയ താരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ ആസിഫ് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം ലെവൽ ക്രോസും മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നേടുന്നത്.
ഈ വർഷം ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ ആവേശം എന്ന ഫഹദ് ഫാസിൽ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ്. ആവേശം വലിയ ധൈര്യം സമ്മാനിച്ച ചിത്രമാണെന്നും സിനിമകൾ റിയലിസ്റ്റിക്കായി മാറിയപ്പോൾ ബിൾഡപ്പ് സീനുകൾ ചെയ്യാൻ ചമ്മൽ തോന്നറുണ്ടെന്നും ആസിഫ് പറഞ്ഞു. ബി.ടെക്ക് എന്ന ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചും താരം കൂട്ടിച്ചേർത്തു. ദി നെക്സ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു ആസിഫ്.
‘ബി. ടെക്ക് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അതിൽ എനിക്കൊരു ബിൾഡപ്പ് ഷോട്ടുണ്ട്. സിഗരറ്റ് ലൈറ്റ് ചെയ്ത് ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ക്യാമറ എന്റെ നേരെ ഇങ്ങനെ വരുന്നതാണ് സീൻ. സത്യത്തിൽ ആ സീൻ ചെയ്യുമ്പോൾ എനിക്കൊരു ചമ്മൽ ഫീൽ ചെയ്തിരുന്നു.
എനിക്ക് തോന്നുന്നത് പ്രേക്ഷകർ സിനിമയെ സീരിയസായി കാണാൻ തുടങ്ങിയിട്ടുണ്ട്. റിയലിസ്റ്റിക്ക് സിനിമകളെ കുറിച്ചും റിയലിസ്റ്റിക്ക് ആക്ടിങ്ങിനെ കുറിച്ചും ആളുകൾ വളരെ സീരിയസായി സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള സിനിമകൾക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് ഒരു ബിൾഡപ്പ് ഷോട്ട് ചെയ്യാൻ എനിക്കൊരു മെന്റൽ ബ്ലോക്ക് ഉണ്ടായിരുന്നു. പക്ഷെ അതിപ്പോൾ റെഡിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ.
വളരെ കൃത്യമായിട്ട് പറയുകയാണെങ്കിൽ ആവേശം എന്ന സിനിമ വലിയ ഒരു ധൈര്യമായിരുന്നു. ഷാനു അതിനെ അപ്രോച്ച് ചെയ്ത രീതിയൊക്കെ എടുത്ത് പറയണം.
സാധാരണ കാണുന്ന ഒരു ഹീറോയുടെ എല്ലാ പരിപാടിയും മാറ്റി ഷാനു ഒരു ഫിസിക്കൽ ലിമിറ്റേഷനിൽ നിന്നുകൊണ്ട് ആ കഥാപാത്രത്തിന് ഒരു വലിപ്പം കൊടുത്തു,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About Aavesham Movie And Fahad Fazil