നന്മ സിനിമകള്‍ എന്ന സ്ഥിരം പാറ്റേണ്‍ വിട്ട് ജിസ് ജോയ് കളം മാറ്റിയ ചിത്രമായിരുന്നു ‘ഇന്നലെ വരെ’. ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആദി എന്ന സിനിമാ താരത്തിന്റെ ജീവിതത്തിലുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ആദി ശങ്കര്‍ എന്ന സിനിമ താരത്തെ ആസിഫ് അവതരിപ്പിച്ചപ്പോള്‍ ശരത്ത് എന്ന കഥാപാത്രമായി അന്റണി വര്‍ഗീസും ഷാനി എന്ന കഥാപാത്രമായി നിമിഷയും ചിത്രത്തിലെത്തുന്നു.
ഫീല്‍ ഗുഡ് സിനിമകളില്‍ നിന്നും ജിസ് ജോയി ഒന്ന് വഴി മാറിയപ്പോള്‍ ഒരു ഡീസന്റ് ത്രില്ലര്‍ ലഭിച്ചെന്ന് പ്രേക്ഷകര്‍ പറയുന്നു. ആസിഫ് അലിയുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്. എന്നാല്‍ നിമിഷയും ആന്റണിയും പ്രകടനത്തില്‍ പിന്നോട്ട് പോയി. നിമിഷയുടെ പെര്‍ഫോമന്‍സും ഡയലോഗ് ഡെലിവറിയും വളരെ യാന്ത്രികവുമായി. വയലന്‍സ് നിറഞ്ഞ ചിത്രങ്ങളിലെ ഗംഭീര പ്രകടനം വളരെ കാമായുള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ആന്റണിക്ക് നഷ്ടമായി.
സസ്‌പെന്‍സ് ഒന്നുമില്ല എന്നത് ഒരു ന്യൂനത ആണെങ്കില്‍കൂടി സിനിമയുടെ ഗതിയിലും അവതരണത്തിലും വ്യത്യസ്ത പുലര്‍ത്താന്‍ ജിസ് ജോയിക്ക് സാധിച്ചിട്ടുണ്ട്. ത്രില്ലറായി തുടങ്ങി ഫീല്‍ ഗുഡ് മോഡിലാണ് ജിസ് ജോയി ചിത്രം അവസാനിപ്പിച്ചത്.