15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ അഭിനയജീവിതം ആരംഭിച്ച താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി. സ്റ്റാര്‍ഡെ നോക്കാതെ പല സിനിമകളിലും ഒന്നോ രണ്ടോ സീനുകളില്‍ വന്നുപോകുന്ന ഗസ്റ്റ് റോളുകള്‍ ചെയ്യാന്‍ മടിയില്ലാത്ത നടനാണ് ആസിഫ് അലി.
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ടയില്‍ ആസിഫ് ചെറിയൊരു വേഷം ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് ഝാര്‍ഖണ്ടിലേക്ക് വെടിയുണ്ട കൊണ്ടുപോകുന്ന പൊലീസുകാരനായാണ് ആസിഫ് ഉണ്ടയില്‍ അഭിനയിച്ചത്. ഒറ്റ സീനില്‍ മാത്രമേ ആസിഫ് വന്നുപോകുന്നുള്ളൂ.
ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് ആ സെറ്റില്‍ നിന്ന് ഓടിപ്പോകാന്‍ തോന്നിയെന്ന് ആസിഫ് പറഞ്ഞു. എത്ര നല്ല രീതിയില്‍ സംസാരിക്കുന്നുണ്ടെങ്കിലും ഷോട്ട് എടുക്കാന്‍ നേരം ഖാലിദ് സൈക്കോയെപ്പോലെയാണെന്ന് ആസിഫ് പറഞ്ഞു.
ഉണ്ടയില്‍ താന്‍ ട്രെയിനിന്റെ വാതിലില്‍ പോയി നില്‍ക്കുമ്പോള്‍ പാലവും ട്രെയിനും ഒരുമിച്ച് കാണിക്കുന്ന ഷോട്ട് ഒരെണ്ണമുണ്ടെന്നും ആദ്യം എടുത്ത സമയത്ത് ഉദ്ദേശിച്ച രീതിയില്‍ കിട്ടിയില്ലെന്നും ആസിഫ് പറഞ്ഞു. ട്രെയിന്‍ പിന്നോട്ടെടുക്കാന്‍ അസോസിയേറ്റിനോട് പറഞ്ഞപ്പോള്‍ ഇത് ബസ്സല്ല എന്ന് ലോക്കോപൈലറ്റ് മറുപടി പറഞ്ഞെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഉണ്ടയില്‍ എനിക്ക് ഒരൊറ്റ സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ ദിവസം തന്നെ അതിന്റെ സെറ്റില്‍ നിന്ന് ഓടിപ്പോവാന്‍ എനിക്ക് തോന്നി. കാരണം, ഖാലിദ് നമ്മളുടെ അടുത്ത് എത്ര ഫ്രണ്ട്‌ലിയായി സംസാരിച്ചാലും ഷോട്ട് എടുക്കാറാവുമ്പോള്‍ അവന്‍ സൈക്കോയെപ്പോലെയാവും. അതില്‍ ഞാന്‍ ട്രെയിനിന്റെ വാതിലിന്റെ അടുത്ത് പോയി നില്‍ക്കുന്ന ഷോട്ടുണ്ട്. ആ സമയത്ത് ഒരു പാലവും ട്രെയിനും ഒരുമിച്ച് കാണിക്കുന്ന ഷോട്ട് ഖാലിദ് പ്ലാന്‍ ചെയ്തു.
പക്ഷേ ആദ്യത്തെ തവണ എടുത്തപ്പോള്‍ ഉദ്ദേശിച്ചതുപോലെ കിട്ടിയില്ല. ഖാലിദ് കട്ട് വിളിച്ചിട്ട് ‘റിവേഴ്‌സ് പോ, ഒന്നൂടെ എടുക്കാം’ എന്ന് പറഞ്ഞു. എഞ്ചിന്‍ റൂമില്‍ നഹാസും ലോക്കോപൈലറ്റുമുണ്ട്. പുള്ളി ഇത് കേട്ടിട്ട് ‘സാര്‍, ഇത് ബസ്സല്ല, ഇത്ര പെട്ടെന്ന് റിവേഴ്‌സ് എടുക്കാന്‍’ എന്ന് പറഞ്ഞു. കാരണം, ഈ ട്രെയിന്‍ ഇനി തിരിച്ചുവരണമെങ്കില്‍ ഒന്നരമണിക്കൂര്‍ മുന്നോട്ട് പോണം. ഇതൊന്നും ഖാലിദിന് അറിയണ്ട,’ ആസിഫ് പറഞ്ഞു.
Content Highlight: Asif Ali shares the shooting experience of Unda movie