| Sunday, 9th June 2024, 8:28 pm

ആ സീനില്‍ സിദ്ദിഖിക്ക ചുമയ്ക്കുന്നത് കണ്ട് വെള്ളം കൊടുത്തപ്പോള്‍ പുള്ളി എന്നെ ചീത്ത പറഞ്ഞു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഋതു എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് ആസിഫ് അലി. 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ആസിഫ് ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ജിസ് ജോയോടൊപ്പം രണ്ടാമത് ഒന്നിച്ച സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവം താരം പങ്കുവെച്ചു.

പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്. സണ്‍ഡേ ഹോളിഡേയില്‍ സിദ്ദിഖ് തന്റെ ഫ്‌ളാഷ് ബാക്ക് പറയുന്ന സീനില്‍ സിദ്ദിഖ് ചുമച്ചുവെന്നും അത് കണ്ടിട്ട് താന്‍ കട്ട് പറഞ്ഞ് സിദ്ദിഖിന് വെള്ളം കൊടുത്തുവെന്നും ആസിഫ് പറഞ്ഞു.

ഇത് കണ്ട് എന്തിനാ വെള്ളം തന്നതെന്ന് സിദ്ദിഖ് ചോദിച്ചുവെന്നും ചുമ വന്നതുകണ്ട് വെള്ളം തന്നതാണെന്ന് പറഞ്ഞപ്പോള്‍ സിദ്ദിഖ് തന്നെ വഴക്ക് പറഞ്ഞെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. അഭിനയത്തിന്റെ ഭാഗമായി സിദ്ദിഖ് ഉണ്ടാക്കിയ ചുമയാണെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്നും ആസിഫ് പറഞ്ഞു.

‘സണ്‍ഡേ ഹോളിഡേ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് നടന്ന സംഭവമാണിത്. സിദ്ദിഖിക്ക പുള്ളിയുടെ ഫ്‌ളാഷ്ബാക്ക് പറയുന്ന സീനായിരുന്നു എടുത്തുകൊണ്ടിരുന്നത്. നല്ല ലെങ്തുള്ള ഡയലോഗായിരുന്നു അത്. പുള്ളി ഡയലോഗ് പറഞ്ഞ് നടക്കുകയാണ്. ആ സമയത്ത് സിദ്ദിഖിക്ക ഡയലോഗ് പറയാന്‍ പറ്റാതെ ചുമച്ചു. ഞാന്‍ പെട്ടെന്ന് കട്ട് പറഞ്ഞിട്ട് പുള്ളിക്ക് ഒരു ബോട്ടിലില്‍ വെള്ളം കൊണ്ടുകൊടുത്തു.

ഞാന്‍ വെള്ളം കൊണ്ടു കൊടുത്തപ്പോള്‍ ‘എന്തിനാ കട്ട് പറഞ്ഞത്’ എന്ന് എന്നോട് പുള്ളി ചോദിച്ചു. ഇക്ക ചുമയ്ക്കുന്നത് കണ്ടിട്ട് കൊണ്ടുവന്നതാണെന്ന് പറഞ്ഞപ്പോള്‍ പുള്ളി എന്നെ വഴക്ക് പറഞ്ഞു. ‘ഞാന്‍ അഭിനയിക്കുന്നതാണെന്ന് നിനക്ക് മനസിലായില്ലേ’ എന്ന് സിദ്ദിഖിക്ക ചോദിച്ചു. പുള്ളി ആ ചുമ ആക്ടിങ്ങിന്റെ ഭാഗമായി ഇട്ടതാണെന്ന് എനിക്ക് അപ്പോഴാണ് പിടികിട്ടിയത്. പുള്ളി എത്ര വലിയ ലെജന്‍ഡാണെന്ന് അന്ന് മനസിലായി,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali shares the incident happened during the shooting of Sunday Holiday

We use cookies to give you the best possible experience. Learn more