| Tuesday, 2nd May 2023, 2:16 pm

സിഗ്നല്‍ തെറ്റിച്ചയാളെ റോഡിലിറങ്ങി സുരേഷേട്ടന്‍ പച്ചത്തെറി വിളിച്ചു, ഷൂട്ടാണെന്നാണ് കരുതിയത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി. ആദ്യമായി സുരേഷ് ഗോപിയെ കാണുമ്പോള്‍ സിഗ്നല്‍ തെറ്റിച്ച് വന്ന ഒരാളെ അദ്ദേഹം റോഡിലിറങ്ങി തെറി വിളിക്കുകയായിരുന്നുവെന്നും ഷൂട്ടാണെന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നുമാണ് ആസിഫ് പറഞ്ഞത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

‘ഇടപ്പള്ളി സിഗ്നലില്‍ വെച്ചാണ് ആദ്യമായി സുരേഷേട്ടനെ കാണുന്നത്. സിഗ്നല്‍ തെറ്റിച്ച് വന്ന ഒരാളെ റോഡിലിറങ്ങി പച്ചത്തെറി വിളിച്ചുകൊണ്ടിരിക്കുന്ന സുരേഷേട്ടനെയാണ് ഞാന്‍ കണ്ടത്. അത് ഷൂട്ടിങ് ആണെന്നാണ് ആദ്യം ഓര്‍ത്തത്. ഭയങ്കര ഇന്‍സ്പയറിങ്ങായിട്ടുള്ള മൊമെന്റ് ആയിരുന്നു,’ ആസിഫ് പറഞ്ഞു.

ജൂഡ് ആന്തണിയുടെ സംവിധാനത്തിലൊരുങ്ങുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആസിഫിന്റെ ചിത്രം. ജൂഡിന്റെ സംവിധാനത്തില്‍ വര്‍ക്ക് ചെയ്ത അനുഭവത്തെ പറ്റിയും ആസിഫ് സംസാരിച്ചു.

‘ചെയ്യുന്ന ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ പറ്റില്ല. പക്ഷേ ചെയ്യുന്ന സിനിമക്കായി അദ്ദേഹം ചെയ്ത പരിശ്രമങ്ങളും ചെയ്ത രീതിയും വെച്ച് ഒരാളെ മനസിലാക്കാന്‍ പറ്റും. ജൂഡ് എന്നോട് ഈ കഥ പറയുമ്പോള്‍ എനിക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു.

എന്റെ പോഷന്‍ എഴുതി സ്‌ക്രിപ്റ്റ് ആക്കി തന്ന് വായിച്ചതിന് ശേഷമേ ഞാന്‍ പടം കമ്മിറ്റ് ചെയ്യുകള്ളൂവെന്ന് പറഞ്ഞു. ജൂഡിനെ സംശയിക്കുന്നതല്ല. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന എല്ലാവരും അനുഭവിച്ച കഥയാണ്. അപ്പോള്‍ ഈ സിനിമ ഒരു തട്ടിക്കൂട്ടലോ ബില്‍ഡ് അപ്പോ ആവാന്‍ പാടില്ല. നൂറ് ശതമാനം ഒറിജിനലായിരിക്കണം. അതിനോട് ജൂഡ് എത്രമാത്രം പ്രിപ്പയറായിരുന്നോ എന്നതായിരുന്നു എന്റെ സംശയം.

എന്നാല്‍ ഈ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ രണ്ട് വര്‍ഷം മുന്നേ തുടങ്ങി ഷൂട്ട് ചെയ്തതും ജൂഡ് അതിനെടുത്ത പരിശ്രമങ്ങളും വലുതാണ്. ഞാനോ ടൊവിയോ വര്‍ക്ക് ചെയ്ത കഷ്ടപ്പാട് പറയുകയാണെങ്കില്‍ അത് പതിനഞ്ചോ ഇരുപതോ ദിവസം മാത്രം വര്‍ക്ക് ചെയ്ത കഷ്ടപ്പാടാണ്.

വളരെ പിരിമിതികളില്‍ നിന്നുകൊണ്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഹോളിവുഡ് പടങ്ങള്‍ പോലെ വലിയ ഗ്രാഫിക്‌സ് ഒന്നും ഉപയോഗിക്കാതെ പറ്റുന്നത്രയും റിയലായിട്ടാണ് ചെയ്തത്,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali shares the experience of meeting Suresh Gopi for the first time

We use cookies to give you the best possible experience. Learn more