കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.
സിനിമാജീവിതത്തില്‍ താന്‍ ചെയ്ത റിസ്‌കിയായിട്ടുള്ള ആക്ഷന്‍ സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഡാമിലേക്ക് റോപ്പ് കെട്ടി ചാടുകയായിരുന്നെന്ന് ആസിഫ് അലി പറഞ്ഞു. അടിമാലി- മൂന്നാര്‍ റൂട്ടിലെ ഒരു ഡാമിലായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തതെന്നും 750 അടി താഴ്ചയുള്ള സ്ഥലത്തേക്ക് താന്‍ ചാടിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
അത് ഗ്രാഫിക്‌സാണെന്ന് പലരും ചിന്തിച്ചിരിക്കുകയാണെന്നും എന്നാല്‍ അങ്ങനെയല്ലെന്നും ആസിഫ് അലി പറഞ്ഞു. അതുപോലെ അസുരവിത്ത് എന്ന ചിത്രത്തില്‍ തന്നെ ചെളിയിലേക്ക് വലിച്ചെറിഞ്ഞിട്ടുള്ള ഫൈറ്റ് ഉണ്ടായിരുന്നെന്നും അത് കഴിഞ്ഞ് താന്‍ സ്പിന്‍ ചെയ്ത് നേരെ നില്‍ക്കുന്ന ഷോട്ടായിരുന്നു എടുക്കേണ്ടതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
രണ്ട് റോപ്പ് ഉപയോഗിച്ചാണ് ആ സീന്‍ എടുത്തതെന്നും ഒന്ന് ഹൈറ്റില്‍ എത്താനും രണ്ടാമത്തേത് സ്പിന്‍ ചെയ്യാനുള്ളതുമായിരുന്നെന്ന് ആസിഫ് അലി പറഞ്ഞു. എന്നാല്‍ ഹൈറ്റിലെത്താനുള്ള റോപ്പ് പകുതിക്ക് വെച്ച് സ്റ്റക്കായെന്നും സ്പിന്‍ ചെയ്ത് താന്‍ ചെളിയിലേക്ക് വീണ് ഷോള്‍ഡര്‍ ഡിസ്‌ലൊക്കേറ്റായെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘കരിയറിന്റെ തുടക്കത്തില്‍ റിസ്‌കിയായിട്ടുള്ള ആക്ഷന്‍ സീന്‍ കുറച്ച് ചെയ്തിട്ടുണ്ട്. അതില്‍ ഒന്ന് ഓര്‍ഡിനറിയിലാണ്. ആ പടത്തിന്റെ ക്ലൈമാക്‌സില്‍ എന്റെ ക്യാരക്ടര്‍ ഡാമിലേക്ക് ചാടുന്നുണ്ട്. അത് ഡ്യൂപ്പില്ലാതെ ചെയ്തതാണ്. അടിമാലി- മൂന്നാര്‍ റൂട്ടിലുള്ള ഒരു ഡാമിലാണ് ആ സീന്‍ എടുത്തത്. 750 അടിയെങ്ങാണ്ട് താഴ്ചയുള്ള ഡാമിലേക്ക് വെറും റോപ്പ് വെച്ച് ചാടുകയായിരുന്നു. പലരും വിചാരിച്ചിരിക്കുന്നത് ആ സീന്‍ സി.ജിയാണെന്നാണ്.
അതുപോലെ അസുരവിത്ത് എന്ന സിനിമയില്‍ ഒരു ഫൈറ്റ് സീന്‍ ഉണ്ട്. എന്നെ ചെളിയിലേക്ക് അടിച്ച് ഇട്ടിട്ട് വില്ലന്‍ നടന്നുപോവുകയാണ്. ഞാന്‍ ചാടിയെഴുന്നേറ്റ് സ്പിന്‍ ചെയ്ത് നേരെ നില്‍ക്കുന്ന ഷോട്ടായിരുന്നു എടുക്കേണ്ടത്. രണ്ട് റോപ്പ് വെച്ചാണ് ആ സീന്‍ എടുത്തത്. ഒരെണ്ണം എന്നെ പൊക്കാനും മറ്റേത് സ്പിന്‍ ചെയ്യാനും. ഷോട്ട് എടുത്തപ്പോള്‍ പൊക്കുന്ന റോപ്പ് പകുതിക്ക് വെച്ച് സ്റ്റക്കായി. സ്പിന്‍ ചെയ്ത് ഞാന്‍ നേരെ ചെളിയിലേക്ക് വീണു. എന്റെ ഷോള്‍ഡര്‍ ഡിസ്‌ലൊക്കേറ്റായി. അത്തരം ആക്ഷന്‍ സീനുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali shares the accident happened to him during Asuravithu movie