യുവ ചലച്ചിത്ര താരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. കൊത്ത് എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ആറുവര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് പൊളിറ്റിക്കല്‍ ത്രില്ലറാണ്.
കൊത്തിന്റെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ രാഷ്ട്രീയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും കുട്ടിക്കാല അനുഭവങ്ങളും ആസിഫ് പങ്കുവെക്കുന്നുണ്ട്. രാഷ്ട്രീയനേതാവായിരുന്ന ബാപ്പയെ കുറിച്ചും അദ്ദേഹം ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.
”എന്റെ ലൈഫില്‍ പൊളിറ്റിക്സിന് കൃത്യമായ പങ്കുണ്ട്. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് എന്നെ ചെറുപ്പത്തില്‍ ബോഡിങ്ങിലാക്കിയത്. പക്ഷേ ഞാന്‍ സിനിമയിലേക്ക് വന്നു.
രാഷ്ട്രീയം നിരോധിച്ചിരുന്നെങ്കില്‍ എന്ന് ചെറുപ്പത്തില്‍ തോന്നാറുണ്ടായിരുന്നു. എന്റെ ബാപ്പ തുടരെ മുന്‍സിപ്പല്‍ ചെയര്‍മാനും വര്‍ഷങ്ങളോളം കൗണ്‍സിലറുമായിരുന്നു, അത്കൊണ്ട് തന്നെ ബാപ്പയ്ക്ക് എപ്പോഴും തിരക്കായിരുന്നു.
ഞാന്‍ രാവിലെ ഉണരുമ്പോഴേക്ക് അദ്ദേഹം വീട്ടില്‍ നിന്നും പോയിട്ടുണ്ടാകും അല്ലെങ്കില്‍ വീട്ടില്‍ എപ്പോഴും ആള്‍ക്കാരുണ്ടാകും. ആ സമയം മാത്രമാണ് എനിക്ക് രാഷ്ട്രീയത്തോട് ഭയങ്കര ദേഷ്യം തോന്നിയിട്ടുള്ളത്. രാഷ്ട്രീയത്തില്‍ അംഗമായത് കൊണ്ടല്ലേ ബാപ്പയ്ക്ക് ഇത്ര തിരക്ക് ഉണ്ടായത്, അത് കൊണ്ടല്ലേ അദ്ദേഹത്തെ കാണാന്‍ കിട്ടാതായത് എന്നൊക്കെ ആലോചിക്കുമായിരുന്നു.
അല്ലാതെ രാഷ്ട്രീയത്തോട് ദേഷ്യമോ, രാഷ്ട്രീയം നിരോധിക്കണമെന്നൊന്നും തോന്നിയിട്ടില്ല. ഏത് പാര്‍ട്ടി ഭരിച്ചാലും നമുക്ക് ഇഷ്ടമില്ലാത്ത കാര്യവും ഇഷ്ടമുള്ള കാര്യവും സംഭവിക്കും. അതിനോട് പ്രതികരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുക.
എന്റെ വീട്ടില്‍ ഒരു സമയത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാള്‍ കല്ലെറിഞ്ഞിരുന്നു. അതിന് മുന്‍പും നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഇതായിരുന്നു ഞാന്‍ സിനിമയിലെത്തിയതിന് ശേഷം സംഭവിച്ചത്.
View this post on Instagram
അത് ഭയങ്കരമായി മീഡിയ ഏറ്റെടുത്തിരുന്നു. അന്ന് ഞാന്‍ മീഡിയയോട് എന്റെ ബാപ്പ പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞിരുന്നു, എറിഞ്ഞത് ഷൗക്കത്തലിയുടെ വീട്ടിലും കൊണ്ടത് ആസിഫലിയുടെ വീട്ടിലുമാണല്ലോ എന്നായിരുന്നു അത് ,” അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.
കൊത്ത് രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയാണ്, എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഇകഴ്ത്തി കെട്ടാന്‍ സിനിമയില്‍ ശ്രമിക്കുന്നില്ലെന്ന് സിബി മലയില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ റോഷന്‍ മാത്യു, രഞ്ജിത്ത്, അനു മോഹന്‍, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബര്‍ 16 നാണ് ചിത്രം തിയേറ്ററിലെത്തുക.
Content Highlight: Asif Ali shares his thoughts about politics, father and childhood