| Tuesday, 12th September 2023, 11:43 pm

പണയം വെക്കാന്‍ ഐ.ഡി പ്രൂഫ് ചോദിച്ചപ്പോള്‍ കൂടെ വന്നവന്‍ എന്റെ ഫ്‌ളെക്‌സ് കാണിച്ചുകൊടുത്തു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വര്‍ണവുമായിട്ടുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ ആസിഫ് അലി. ‘കാസര്‍ഗോള്‍ഡ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ക്ലബ്ബ് എഫ്.എമ്മിനോട് പങ്കുവെക്കുകയായിരുന്നു ആസിഫ്. ആദ്യമായി സ്വര്‍ണം പണയം വെക്കാന്‍ ബാങ്കില്‍ ചെന്നപ്പോള്‍ ഒരുപിടി സമ്മാനങ്ങള്‍ പിടിച്ചുനില്‍ക്കുന്ന തന്റെ ഫ്‌ളക്‌സ് കണ്ടുവെന്നും തന്റെ ഐ.ഡി പ്രൂഫ് ചോദിച്ചപ്പോള്‍ ബാങ്ക് ജീവനക്കാരിക്ക് കൂടെയുണ്ടായിരുന്നയാള്‍ ഫ്‌ളക്‌സ് കാണിച്ചുകൊടുത്തെന്നും ആസിഫ് പറഞ്ഞു.

‘മലയാള സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവുമായി എറണാകുളത്തേക്ക് വന്ന് സര്‍വൈവ് ചെയ്യാന്‍ രക്ഷയില്ലാതെ നില്‍ക്കുന്ന സമയത്താണ് കയ്യിലുണ്ടായിരുന്ന സ്വര്‍ണ മോതിരം ആദ്യമായി പണയം വെക്കാന്‍ പോകുന്നത്. അതൊരു വലിയ കഥയാണ്. സിനിമയുടെ ഭാഗമാകാന്‍ എറണാകുളത്തേക്ക് വരുന്നു. ആ സമയത്ത് സിനിമയിലേക്കുള്ള ഫസ്റ്റ് വിന്‍ഡോ എന്ന് പറയുന്നത് മോഡലിങ്ങാണ്.

കാണാനൊരു മോഡലിനെ പോലെയോ അത്ര വലിയ ലുക്കോ ഒന്നുമില്ലാത്ത കാലഘട്ടമാണ്. അന്ന് കുറെ ഫോട്ടോ ഷൂട്ട് നടക്കും. അപ്പോള്‍ നമ്മള്‍ എന്താന്നോ ഏതാന്നോ അന്വേഷിക്കാതെ ഫോട്ടോ ഷൂട്ട്‌സിന്റെ ഭാഗമാകും. അന്ന് എപ്പഴോ എടുത്ത ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോ ഞാന്‍ കാണുന്നത് പണയം വെക്കാന്‍  പോയ സ്ഥലത്താണ്. അവിടെ ചെല്ലുമ്പോള്‍ പണയം വെക്കാന്‍ നില്‍ക്കുന്ന കൗണ്ടറിന്റെ പുറകില്‍ ഒരുപിടി സമ്മാനങ്ങളുമായി എന്റെ ഫോട്ടോയാണ് നില്‍ക്കുന്നത്.

ഞാന്‍ മോതിരം കൊണ്ട് കൗണ്ടറില്‍ പോയി നിന്നപ്പോള്‍ അവിടെയുള്ള ചേച്ചി ഐ.ഡി പ്രൂഫ് ചോദിച്ചു. ഞാന്‍ ആ ഫോട്ടോ നോക്കി സ്റ്റക്കായി ഇങ്ങനെ നില്‍ക്കുകയാണ്. എന്റെ കൂടെ വന്നയാള്‍ ‘ എന്തിനാ ഐ.ഡി. പ്രൂഫ്, ദേ ആ നില്‍ക്കുന്ന ആളാണെ’ന്നും പറഞ്ഞ് ഫോട്ടോ കാണിച്ചുകൊടുത്തു. അതാണ് സ്വര്‍ണവുമായിട്ടുള്ള എന്റെ ആദ്യത്തെ എക്‌സ്പിരിയന്‍സ്,’ ആസിഫ് അലി പറഞ്ഞു.

സെപ്റ്റംബര്‍ 15 നാണ് കാസര്‍ഗോള്‍ഡ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

സണ്ണി വെയിന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

മൃദുല്‍ നായരാണ് കാസര്‍ഗോള്‍ഡ് സംവിധാനം ചെയ്യുന്നത്. കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണനാണ് വരികള്‍.

മേക്കപ്പ്-ജിതേഷ് പൊയ്യ, കല-സജി ജോസഫ്, വസ്ത്രാലങ്കാരം-മസ്ഹര്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍, പരസ്യകല-എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ബി.ജി.എം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,പ്രണവ് മോഹന്‍,പി ആര്‍ ഒ- എ.എസ് ദിനേശ്, ശബരി.

Content Highlights: Asif Ali shares experience about his new movie ‘Kasargold’

We use cookies to give you the best possible experience. Learn more