|

അന്ന് മമ്മൂക്ക എന്നെ ഭയങ്കരമായി ചീത്ത പറഞ്ഞു, ഞാന്‍ പേടിച്ചുപോയി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി തന്നെ വഴക്ക് പറഞ്ഞ അനുഭവം പങ്കുവെച്ച് നടന്‍ ആസിഫ് അലി. ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു തെറ്റിന് അദ്ദേഹം വലിയ രീതിയില്‍ തന്നോട് ദേഷ്യപ്പെട്ടുവെന്നും ഒരുപാട് വഴക്ക് പറഞ്ഞുവെന്നുമാണ് ആസിഫ് അലി പറയുന്നത്.

സിനിമയില്‍ നില്‍ക്കുമ്പോള്‍ സ്വന്തം വികാരങ്ങളും, ദേഷ്യവും ഒക്കെ മാറ്റിവെക്കണ്ടേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആസിഫ് അലി. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘നമുക്ക് എല്ലാവര്‍ക്കും ഒരു വ്യക്തിത്വം വേണമല്ലോ.. ഞാന്‍ കണ്ടതില്‍ അങ്ങനെ എല്ലാം കൃത്യമായി പ്രകടിപ്പിക്കുന്ന ഒരു നടന്‍ മമ്മൂക്കയാണ്. ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു ദിവസം മമ്മൂക്ക എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. എന്റെ തെറ്റ് ആയിരുന്നു അത്. സംഭവം എന്താണെന്ന് ഞാന്‍ പറയുന്നില്ല. അന്ന് വരെ എല്ലാ ദിവസവും. മമ്മൂമ്മയുടെ കൂടെയാണ് ഞാന്‍ ആഹാരം കഴിക്കുന്നതും, വീട്ടില്‍ പോകുന്നതും ഒക്കെ. പക്ഷെ അത്രയും ഫ്രീഡം അദ്ദേഹം എനിക്ക് തന്നപ്പോള്‍ എന്റെ ഒരു അബദ്ധം കൊണ്ട് മമ്മൂക്ക എന്നെ നല്ല പോലെ ചീത്ത പറഞ്ഞു,’ ആസിഫ് പറയുന്നു.

അന്ന് താന്‍ മമ്മൂട്ടിയുടെ കൂടെ ഭക്ഷണം കഴിക്കാന്‍ പോയില്ലയെന്നും പിന്നീട് ഒരു മണിക്കൂറിന് ശേഷം അദ്ദേഹം തന്നോട് വന്ന് സംസാരിച്ചുവെന്നും ആസിഫ് പറയുന്നുണ്ട്.

‘അന്ന് ഞാന്‍ മമ്മൂക്കയുടെ കൂടെ ആഹാരം കഴിക്കാന്‍ പോയില്ല, പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇക്ക എന്റെ അടുത്ത് വന്നിട്ട്, എനിക്ക് നിന്നെ ചീത്ത പറയാന്‍ പാടില്ലേയെന്നും, എന്നോട് പറഞ്ഞ അനുസരിച്ച് ചീത്ത പറയാന്‍ എനിക്ക് അര്‍ഹത ഉണ്ടെന്നും അത് അവിടെ കഴിഞ്ഞുവെന്നും പറഞ്ഞു, ഇതിന്റെ പേരില്‍ ജീവിത കാലം മുഴുവന്‍ മിണ്ടാതെ ഇരിക്കാന്‍ ആണോ ഉദ്ദേശം എന്നും ചോദിച്ചു,’ ആസിഫ് പറയുന്നു.


തന്നോട് അത്രയും ജെനുവിന്‍ ആയിട്ടാണ് അന്ന് മമ്മൂട്ടി സംസാരിച്ചത് എന്നാണ് ആസിഫ് പറയുന്നത്.

അതേസമയം നല്ല സിനിമകള്‍ ചെയ്താല്‍ എല്ലാ കാലത്തും ആളുകള്‍ തിയേറ്ററില്‍ വരുമെന്ന് ആസിഫ് അലി പറയുന്നുണ്ട്. പുതിയ ആളുകളുടെ സിനിമകള്‍ കാണാന്‍ ആളുകള്‍ ശ്രമം നടത്താത്ത കാലത്താണ് ഋതുവും സോള്‍ട്ട് ആന്‍ഡ് പെപ്പറുമെല്ലാം വന്നതെന്നും ആസിഫ് അലി ചൂണ്ടിക്കാട്ടി.

പുതിയ സംവിധായകരും അഭിനേതാക്കളും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും ഇന്ന് തിയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകര്‍ കുറയുകയല്ലേ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.

ഒരിക്കലും പുതിയ ആളുകളുടെ സിനിമകള്‍ കാണാന്‍ ആളുകള്‍ എഫോര്‍ട്ട് ഇടാത്ത കാലത്താണ് ഋതുവും സാള്‍ട്ട് ആന്‍ഡ് പെപ്പറും ട്രാഫിക്കുമെല്ലാം വന്നതെന്നും ട്രാഫിക്കില്‍ എല്ലാവരും പുതിയ ആളുകള്‍ അല്ലായിരുന്നെങ്കിലും അന്ന് അത് ഒരു പുതിയ കോണ്‍സെപ്റ്റ് ആയിരുന്നുവെന്നും ആസിഫ് പറഞ്ഞു.

ചിത്രം ഇറങ്ങി ഒന്നര ദിവസം ഒരു മനുഷ്യനും തിയേറ്ററില്‍ ഉണ്ടായിരുന്നില്ല എന്നും ഓര്‍മിച്ച താരം സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ വരികയും കാണുകയും ചെയ്യുമെന്നും പറഞ്ഞു.

Content Highlight: Asif ali shares an experience with Mammootty

Video Stories