|

സിനിമയിലെത്തിയ സമയത്ത് ഞാനും ആ നടിയും രജിസ്റ്റര്‍ മാര്യേജ് ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയലേക്ക് കടന്നുവന്നത്. പിന്നീട് വളരെ പെട്ടെന്ന് യുവനടന്മാരുടെ പട്ടികയിലെ മുന്‍നിരയില്‍ ഇടംപിടിക്കാന്‍ ആസിഫിന് സാധിച്ചു. കരിയറില്‍ ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിടേണ്ടിവന്ന ആസിഫ് ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

കരിയറിന്റെ താന്‍ കേള്‍ക്കേണ്ടി വന്ന റൂമറിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സിനിമയിലെത്തിയ സമയത്ത് താനും റിമ കല്ലിങ്കലും രജിസ്റ്റര്‍ മാര്യേജ് ചെയ്തിട്ടുണ്ടെന്ന തരത്തില്‍ റൂമറുകള്‍ കേട്ടിരുന്നെന്ന് ആസിഫ് അലി പറഞ്ഞു. താനും റിമയും അതൊന്നും കാര്യമാക്കി എടുത്തിരുന്നില്ലെന്നും ഇന്നും അത് ആലോചിച്ച് ചിരിക്കുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ ഇന്നത്തെപ്പോലെ അന്ന് ആക്ടീവ് അല്ലായിരുന്നെന്നും എന്നിട്ടും ഒരുപാട് സ്ഥലത്ത് ഈ റൂമര്‍ കേട്ടെന്നും ആസിഫ് അലി പറഞ്ഞു. ആരാണ് ഇത്തരത്തില്‍ ഒരു കാര്യം ആദ്യം പറഞ്ഞുപരത്തിയതെന്ന് അറിഞ്ഞില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. രേഖാചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കരിയറിന്റെ തുടക്ക സമയം. അതായത്, ഞാന്‍ അത്യാവശ്യം സിനിമകള്‍ ചെയ്ത് ഒന്ന് ക്ലിക്കായി വന്നപ്പോള്‍ എന്നെപ്പറ്റി ഒരു റൂമര്‍ കേട്ടിരുന്നു. ഞാനും റിമ കല്ലിങ്കലും തമ്മില്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്‌തെന്നായിരുന്നു റൂമര്‍. ഞാനും റിമയും അന്ന് അതൊന്നും കാര്യമാക്കി എടുത്തില്ല. ഇന്നും അത് ആലോചിച്ച് ചിരിക്കും.

സോഷ്യല്‍ മീഡിയ ഇന്ന് കാണുന്നതുപോലെ അന്ന് അത്ര ആക്ടീവല്ലായിരുന്നു. എന്നിട്ടും ഒരുപാട് സ്ഥലത്ത് ഈ റൂമര്‍ കേട്ടിരുന്നു. ആരാണ് ഇത് പറഞ്ഞു പരത്തിയതെന്നും എനിക്ക് അറിയില്ല. എന്നാലും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്,’ ആസിഫ് അലി പറയുന്നു.

ആസിഫിന്റെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രം തിയേറ്ററില്‍ മികച്ച വിജയം നേടിയിരിക്കുകയാണ്. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 20 കോടിക്കുമുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. ആസിഫ് അലിക്ക് പുറമെ അനശ്വര രാജനും ചിത്രത്തില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചതും രേഖാചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

Content Highlight: Asif Ali shares a rumor that he heard in his career

Video Stories