| Friday, 2nd August 2024, 9:57 am

ഹീറോയെ ആര്‍ട്ടിസ്റ്റ് എന്ന് വിളിക്കാന്‍ പാടില്ല എന്ന് പറഞ്ഞതുകൊണ്ട് ജിംഷി ഖാലിദ് ആ സിനിമയില്‍ നിന്ന് പിന്മാറി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ മികച്ച ഛായാഗ്രഹകരില്‍ ഒരാളാണ് ജിംഷി ഖാലിദെന്ന് പറയുകയാണ് ആസിഫ് അലി. അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ ജിംഷി ഓരോ സീനിനും കാണിച്ച ഡെഡിക്കേഷന്‍ കണ്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്ന് ആസിഫ് പറഞ്ഞു. എല്ലാ ആര്‍ട്ടിസ്റ്റുകളെയും ഒരുപോലെ കാണുന്നയാളാണ് ജിംഷിയെന്നും ആസിഫ് പറഞ്ഞു. ഒരു തമിഴ് സിനിമയില്‍ നിന്ന് പിന്മാറിയ കഥ അടുത്തിടെ ജിംഷി തന്നോട് പറഞ്ഞ കാര്യം ആസിഫ് പങ്കുവെച്ചു.

ഓരോ സീനിനും ജിംഷി എല്ലാവരെയും ആര്‍ട്ടിസ്റ്റ് എന്ന് അഭിസംബോധന ചെയ്ത് റെഡിയാണോ എന്ന് ചോദിക്കാറുണ്ടെന്നും ആസിഫ് പറഞ്ഞു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആ സിനിമയിലെ നായകന്റെ മാനേജര്‍ ജിംഷിയെ വിളിച്ചിട്ട് എല്ലാവരുടെയും മുന്നില്‍ വെച്ച് നായകനെ ആര്‍ട്ടിസ്റ്റ് എന്ന് വിളിക്കരുതെന്ന് പറഞ്ഞുവെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു.

ബാക്കിയുള്ളവരെ ആര്‍ട്ടിസ്റ്റെന്നും നായകനെ ഹീറോ എന്ന് എടുത്തുവിളിക്കണമെന്ന് പറയുകയും ചെയ്തുവെന്ന് ആസിഫ് പറഞ്ഞു. ഈയൊരു കാരണം കൊണ്ട് ജിംഷി ആ സിനിമയില്‍ നിന്ന് പിന്മാറിയെന്നും ആസിഫ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘മലയാളത്തിലെ ടാലന്റഡായിട്ടുള്ള സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളാണ് ജിംഷി ഖാലിദ്. അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സെറ്റില്‍ വെച്ച് എനിക്ക് ആ കാര്യം മനസിലായതാണ്. ഈയടുത്ത് ഒരു തമിഴ് സിനിമയില്‍ നിന്ന് അവന്‍ പിന്മാറിയതിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. അത്യാവശ്യം വലിയ ഒരു സിനിമയായിരുന്നു. ആ സിനിമയില്‍ എല്ലാ സീനിന് വേണ്ടിയും ആര്‍ട്ടിസ്റ്റുകളോട് റെഡിയാണോ എന്ന് ചോദിക്കുന്ന ശീലം അവനുണ്ട്. മൈക്കില്‍ കൂടെ ഓരോരുത്തരോടും ഇത് ചോദിക്കും.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നായകന്റെ മാനേജര്‍ ജിംഷിയോട് പറഞ്ഞു, ‘ഹീറോയെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കരുത്. അദ്ദേഹത്തെ മാത്രം ഹീറോ എന്ന് വിളിക്കണം’ എന്ന്. ആ ഒരു കാര്യം ജിംഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് അവന്‍ ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചത്. അവന്‍ അങ്ങനെയുള്ള ഒരാളാണ്,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali shared an incident happened to Jimshi Khalid in a Tamil movie

We use cookies to give you the best possible experience. Learn more