| Monday, 22nd July 2024, 11:37 am

കമല്‍ഹാസന്‍ സാറിന് മുന്‍പില്‍ എന്നെ പരിചയപ്പെടുത്താന്‍ ഒരു സിനിമയില്ലെന്ന ചിന്ത എന്നെ അലട്ടി, ഒടുവില്‍ ആ സിനിമയുടെ പേര് പറഞ്ഞു: ആസിഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്തുകൊണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ ഭാഗമാകുന്നില്ലെന്ന് പറയുകയാണ് മലയാളത്തിന്റെ സ്വന്തം നടനായ ആസിഫ് അലി. സിനിമയില്‍ എത്തി 14 വര്‍ഷം പിന്നിട്ടിട്ടും 80 കളിലേറെ സിനിമകളുടെ ഭാഗമായിട്ടും മലയാളത്തിലെ മറ്റ് നടന്മാര്‍ പാന്‍ ഇന്ത്യന്‍ സിനിമകളില്‍ തിളങ്ങുമ്പോഴും ആസിഫ് ഒരു ഇതരഭാഷാ ചിത്രത്തിന്റെ ഭാഗമായിരുന്നില്ല.

എന്തുകൊണ്ടാണ് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ ശ്രമിക്കാതിരുന്നത് എന്ന ചോദ്യത്തിന് മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിലാണ് ആസിഫ് മറുപടി നല്‍കുന്നത്. ഒപ്പം നടന്‍ കമല്‍ഹാസനെ ആദ്യമായി കണ്ടപ്പോഴുണ്ടായ ഒരു അനുഭവവും ആസിഫ് പങ്കുവെച്ചു.

‘ എന്തുകൊണ്ട് പാന്‍ ഇന്ത്യന്‍ സിനിമകളുടെ ഭാഗമാകുന്നില്ല എന്ന് ചോദിക്കുമ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്ന ഒരു കാര്യമുണ്ട്. തലവന്റെ പ്രൊമോഷന്റെ ഭാഗമായി ഞാന്‍ കമല്‍ഹാസന്‍ സാറിനെ കാണാന്‍ പോവുകയായിരുന്നു.

ഞാന്‍ എങ്ങനെയായിരിക്കും, ഏത് സിനിമയെ കുറിച്ച് പറഞ്ഞായിരിക്കും അദ്ദേഹത്തിന് മുന്നില്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുക എന്ന് ഇങ്ങനെ ആലോചിക്കുകയാണ്. ലിഫ്റ്റില്‍ കയറി രണ്ടാമത്തെ നിലയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തുന്നതുവരെ ഞാന്‍ ഇതുവരെ ചെയ്ത സിനിമകളെ കുറിച്ച് ആലോചിക്കുകയായിരുന്നു.

ഏത് സിനിമ വെച്ച് എന്നെ പരിചയപ്പെടുത്തണമെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് അങ്ങനെ ഒരു സിനിമയില്ല എന്ന് ആ മൊമന്റില്‍ ഞാന്‍ തിരിച്ചറിഞ്ഞ പോലെ തോന്നി. അങ്ങനെ പെട്ടെന്ന് എനിക്ക് സ്‌ട്രൈക്ക് ചെയ്ത സിനിമ ഉയരെയാണ്.

അങ്ങനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. സാര്‍, ഞാന്‍ ആസിഫ് അലി. ഉയരെയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ട്രാഫിക്കിലും എന്ന് പറഞ്ഞു. അദ്ദേഹം അതിന്റെ റീമേക്ക് റൈറ്റ്‌സ് എടുത്തിരുന്നു. പക്ഷേ എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ലായിരുന്നു.

ഉയരെയെ പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഇങ്ങനെ ഒരു ചിരിയോടെ നോക്കിയിട്ട് എനിക്കറിയാം ആസിഫിനെ എന്ന് പറഞ്ഞു. ഉയരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു.

എന്നെ അറിയാം എന്ന് പറഞ്ഞപ്പോള്‍ ഒരു ധൈര്യം വന്നു. പക്ഷേ ആ ചിന്ത എന്നെ അലട്ടി. ഇത്രയും പടത്തില്‍ അഭിനയിച്ചിട്ടും എടുത്ത് പറയാന്‍ ഒരു പടം ഇല്ലെന്നുള്ള തോന്നല്‍ എനിക്കുണ്ടായി.

പക്ഷേ ഈ പറഞ്ഞ പാന്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍, മറ്റ് ഭാഷകളിലെ സിനിമകള്‍ ചെയ്യാത്തതിന്റെ ചോദ്യങ്ങള്‍ ചുറ്റുപാടുകളില്‍ നിന്നും ഉയരുന്നുണ്ട്.

എന്റെ കൂടെ വന്ന എല്ലാവരും പല പല ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ ചെയ്യാത്തത് എന്നറിയില്ല. അങ്ങനെ ഒരു തീരുമാനം എടുക്കുമ്പോഴേക്കും അതിനേക്കാള്‍ നല്ല മലയാള സിനിമ എന്നെ തേടി വരും,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali Share an Experiance with Kamalhasan

We use cookies to give you the best possible experience. Learn more