| Saturday, 20th July 2024, 12:06 pm

റോഷാക്കിന്റെ വേദിയില്‍ മമ്മൂക്ക എന്നെ പരിഗണിച്ച രീതിയുണ്ട്, രണ്ടും രണ്ട് എക്‌സ്ട്രീമാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ വേദിയില്‍ അപമാനിച്ച സംഭവം വലിയ വിവാദമായിരുന്നു.

വിഷയത്തില്‍ ആസിഫും രമേശ് നാരായണനും തങ്ങളുടെ ഭാഗം വിശദീകരിക്കുകയും ചെയ്തു. രമേശ് നാരായണനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തരുതെന്ന് ആസിഫ് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സിനിമയുടെ മൊമന്റോ ദാന വേദിയില്‍ തനിക്ക് ലഭിച്ച പരിഗണനയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.

മമ്മൂട്ടി കമ്പനി നിര്‍മിച്ച് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ, ആസിഫിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ ചിത്രമായ റോഷാക്കിനെ കുറിച്ചാണ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ ആസിഫ് സംസാരിക്കുന്നത്.

എം.ടി ഉള്‍പ്പെടെയുള്ള ഒരു വലിയ സദസിന് മുന്‍പില്‍ അല്‍പനേരത്തേക്കെങ്കിലും താങ്കള്‍ക്ക് നിസ്സംഗനായി നില്‍ക്കേണ്ടി വന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു ആസിഫിന്റെ മറുപടി.

തന്നെ സംബന്ധിച്ച് ഒരു പരിധി വരെ ഇതൊക്കെ ശീലമായിട്ടുണ്ടെന്നും നമ്മള്‍ അതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാത്ത അവസരം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ആസിഫ് പറഞ്ഞത്.

‘ഇതിന്റെ ഏറ്റവും ഓപ്പോസിറ്റ് റിയാക്ഷന്‍ എന്ന് പറയാവുന്ന ഒരു സംഭവമുണ്ട്. റോഷാക്കിന്റെ 50 ഡേ സെലിബ്രേഷനാണ്. ജോര്‍ജേട്ടന്‍ എന്നെ വിളിച്ച് ആസിഫ് വരണമെന്നും ആസിഫിനും ഒരു മൊമന്റോ തരുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെ പരിപാടിക്ക് ഞാന്‍ ചെല്ലുന്നു ആ സിനിമയിലെ എല്ലാവരും അവിടെയുണ്ട്. അവര്‍ക്കെല്ലാം കിട്ടുന്ന പോലെ റൊഷാക്കിന്റെ ഒരു മൊമന്റോ പ്രതീക്ഷിച്ചാണ് ഞാനും ഇരിക്കുന്നത്.

എന്റെ ലൈഫിലെ ഏറ്റവും നല്ലൊരു മൊമന്റാണ് സംഭവിച്ചത്. എനിക്ക് മൊമന്റോ തരാന്‍ ദുല്‍ഖറാണ് വേദിയിലേക്ക് വന്നത്. ഒപ്പം മമ്മൂക്ക കൂടി സ്റ്റേജിലേക്ക് കയറുന്നു. അത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഇവര്‍ രണ്ടുപേരും കൂടി ഇത് എനിക്ക് തരാന്‍ പോകുകയാണല്ലോ.

അപ്പോഴാണ് മമ്മൂക്ക ഒരു റോളക്‌സിന്റെ കവറുമായി വരുന്നത്. ‘ഇതാ നീ എന്നോട് തമാശയ്ക്ക് ചോദിച്ചിട്ടില്ലായിരുന്നോ, ഇത് എന്റെ ഗിഫ്റ്റ്, ഈ സിനിമയില്‍ നീ അഭിനയിച്ചതിന് എന്ന് പറഞ്ഞു. അത് എന്റെ ലൈഫില്‍ ഉണ്ടായ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ്. ഈ രണ്ട് എക്‌സ്ട്രീം സ്വഭാവങ്ങളുള്ള സിറ്റുവേഷനിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്,’ ആസിഫ് പറഞ്ഞു.

അന്ന് എനിക്ക് അങ്ങനെ ഒരു ഇന്‍സിഡന്റ് ഫീല്‍ ചെയ്തിട്ടില്ലെന്ന് പറയാം. കാരണം പെട്ടെന്നാണ് എന്നോട് ഇദ്ദേഹത്തിന് വേണ്ടി മൊമന്റൊ കൊടുക്കാന്‍ പറഞ്ഞത്. ഞാന്‍ അദ്ദേഹത്തിന് അത് കൊടുത്തു. സാധാരണ ഒരു മൊമന്റോ കൊടുക്കുന്ന സമയത്ത് ഒരു ചിരി അല്ലെങ്കില്‍ ഒന്ന് കണ്‍സിഡര്‍ ചെയ്യുന്ന ഒരു പെരുമാറ്റം കിട്ടാറുണ്ട്. പക്ഷേ അത് അദ്ദേഹം ചെയ്തില്ല എന്ന് പിന്നീട് ഇതിന്റെ ഫൂട്ടേജ് കണ്ടപ്പോള്‍ തോന്നി.

ആ മൊമന്റില്‍ തോന്നിയിട്ടില്ല. അദ്ദേഹത്തിന് എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന മര്യാദയില്‍ തന്നെയാണ് ഞാന്‍ മൊമെന്റോ കൊടുത്തത്. അദ്ദേഹം ജയരാജ് സാറിനെ വിളിച്ചപ്പോള്‍ ഞാന്‍ അവിടെ നിന്ന് മാറി. കാരണം എനിക്ക് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞല്ലോ.

പിറ്റേന്ന് ഞാന്‍ ഉറക്കമുണര്‍ന്ന് എണീക്കുമ്പോഴാണ് ഇത് ഇത്രയും വലിയ വാര്‍ത്തയായത് കാണുന്നത്. ഇദ്ദേഹം ഭീകരമായ രീതിയില്‍ സൈബര്‍ ബുള്ളീയിങ്ങിന് വിക്ടിം ആയിക്കൊണ്ടിരിക്കുകയാണെന്നും മനസിലായി. ഒരുപാട് പേര്‍ എന്നെ വിളിച്ചു. ഞാന്‍ ആ അവസരം ഹാന്‍ഡില്‍ ചെയ്തതിനെ പറ്റി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ അവിടെ എനിക്ക് ഒന്നും ഫീല്‍ ചെയ്തിരുന്നില്ല,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali share an experiance on Rorschak movie success celebration

We use cookies to give you the best possible experience. Learn more