ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ഇറങ്ങിയ ലെവൽ ക്രോസ് എന്ന ചിത്രത്തിലെ ആസിഫിന്റെ പ്രകടനവും വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു. എന്നാൽ ഈ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ആസിഫ് അലി ഒരു അന്യഭാഷ ചിത്രത്തിന്റെ ഭാഗമായിട്ടില്ല.
അന്യഭാഷയിൽ ഒരു സിനിമ ചെയ്യുന്നതിൽ തനിക്ക് ആത്മവിശ്വാസം കുറവാണെന്നും എന്നാൽ ഒന്ന് ചെയ്താൽ അതിനെ മറിക്കടക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ആസിഫ് പറയുന്നു. എന്നാൽ അന്യഭാഷ ചിത്രങ്ങൾ തേടി വന്ന സമയത്ത് അതിനേക്കാൾ നല്ല ചിത്രങ്ങൾ തനിക്ക് ഇവിടെ ലഭിച്ചിരുന്നുവെന്നും സ്വന്തം ചിത്രങ്ങൾക്ക് അന്യഭാഷയിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത് കൊണ്ടാവാം ഫഹദ് ഫാസിലെല്ലാം ഒരുപാട് സിനിമകൾ ചെയ്യുന്നതെന്നും ആസിഫ് പറഞ്ഞു.
‘തുറന്ന് പറയുകയാണെങ്കിൽ, അന്യഭാഷയിലൊരു സിനിമ ചെയ്യണമെങ്കിൽ നല്ല എഫേർട്ട് വേണം. എനിക്ക് അറിയാത്തൊരു ഭാഷ ചെയ്യുമ്പോൾ അത് എത്രത്തോളം ആത്മവിശ്വാസത്തോടെ ചെയ്യാൻ പറ്റുമെന്ന ഒരു പേടി എന്റെ മനസിലുണ്ട്.
ഉറപ്പായിട്ടും ഒന്ന് ചെയ്ത് കഴിഞ്ഞാൽ അതിനെ മറിക്കടക്കാൻ പറ്റുമെന്ന ഒരു വിശ്വാസമുണ്ട്. പിന്നെ ഞാൻ പുറത്തേക്ക് പോയി ചെയ്യണമെന്ന് ആഗ്രഹിച്ച സമയത്തൊക്കെ എനിക്ക് നല്ല മലയാള സിനിമകൾ ഇവിടെ കിട്ടിയിട്ടുണ്ട്. ഞാൻ പുറത്തിന്ന് കേട്ടതിനേക്കാളൊക്കെ ഒരുപാട് നല്ല സിനിമകൾ ഇവിടെ ഉണ്ടാവാറുണ്ട്.
എന്റെ ഏറ്റവും നല്ല സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും ആളുകൾ പറഞ്ഞ ശേഷമാകണം എനിക്കിനി പുറത്തുപോയി ഒരു സിനിമ ചെയ്യാൻ. ഓരോരുത്തർക്കും ഓരോ ഐഡിയ ആണല്ലോ. ഫഹദിന്റെ സിനിമകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ ശേഷമായിരിക്കാം ഫഹദ് കൂടുതലും പുറത്ത് പോയി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Says That Why He Don’t Do Other Language Movies