| Tuesday, 17th May 2022, 12:46 pm

ആ കഥാപാത്രം മമ്മൂക്കയുടെ അഭിനിവേശമാണ്, അദ്ദേഹം ചെയ്യുന്നതൊക്കെ വലിയ മോട്ടിവേഷനാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ യൂത്ത് സ്റ്റാറാണ് നടന്‍ ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് സിനിമ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് താരം ചെയ്ത ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ‘കുഞ്ഞെല്‍ദോ’ എന്ന ചിത്രമാണ് ആസിഫിന്റെ അവസാനമായി റീലീസായത്. മാത്തുക്കുട്ടിയാണ് കുഞ്ഞെല്‍ദോ സംവിധാനം ചെയ്തത്.

എല്ലാ സമയത്തും മമ്മൂട്ടി തങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഭയങ്കര മോട്ടിവേഷനാണെന്നും പറയുകയാണ് ആസിഫ് അലി. ഡൂള്‍ ന്യൂസിന് വേണ്ടി അന്ന കീര്‍ത്തി ജോര്‍ജിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”താന്‍ സ്വയം മിനുക്കി കൊണ്ടിരിക്കുന്ന നടനാണ്, ഇനിയും മിനുക്കി എടുക്കുകയാണെങ്കില്‍ കൂടുതല്‍ തിളങ്ങും എന്ന് മമ്മൂക്ക അദ്ദേഹത്തെ കുറിച്ച് തന്നെ പറഞ്ഞത് വളരെ അധികം സത്യമാണ്. എല്ലാ സമയത്തും മമ്മൂക്ക നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ സിനിമ എടുത്ത് നോക്കുമ്പോള്‍ നമുക്ക് അറിയാം.

പാലേരിമാണിക്യം എന്ന സിനിമയിലെ മമ്മൂക്ക ചെയ്ത ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനിവേശമാണ്. അത് പോലെ തന്നെ ഡയലോഗ് ഡെലിവറി, സ്ലാങ്, തൃശൂര്‍ ഭാഷയൊക്കെ എന്ത് രസമായിട്ടാണ് അദ്ദേഹം പറയുന്നത്. മമ്മൂക്കയുടെ അത് പോലുള്ള എഫര്‍ട്ട് നമുക്ക് ഭയങ്കര മോട്ടിവേഷനാണ്,” ആസിഫ് അലി പറഞ്ഞു.

നടന്‍ ജഗതി ശ്രീകുമാര്‍ ഒരു അഭിനേതാവിനെ കുറിച്ച് പറഞ്ഞ വാചകവും ആസിഫ് അലി ഓര്‍ത്തെടുക്കുന്നുണ്ട്.

”അമ്പിളി ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) പറഞ്ഞ ഒരു വാചകമുണ്ട്. ഒരു അഭിനേതാവ് സൈക്കിള്‍ പോലെയാണ്. അത് ചവിട്ടാന്‍ അറിയാവുന്ന ഒരാളുടെ കൈയ്യില്‍ കിട്ടിയാല്‍ അത് വെച്ച് സര്‍ക്കസ് വരെ കാണിക്കാം. ചവിട്ടാന്‍ അറിയാത്ത ഒരാളാണെങ്കില്‍ അയാളും വീഴും ആ സൈക്കിളും വീഴും. ആ വാചകം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ആ ഒരു പരിചയമാണ് ഒരു ആക്ടറിന് എപ്പോഴും വേണ്ടത്,” ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന ‘കുറ്റവും ശിക്ഷയും’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ്. മെയ് 27നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Asif Ali says that Mammootty surprised them all the time

We use cookies to give you the best possible experience. Learn more