ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആസിഫ് അലി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ ആസിഫിന് സാധിച്ചു. നായകനായും, വില്ലനായും, സഹനടനായും, അതിഥി വേഷങ്ങളിലും ആസിഫ് അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നത് സൗഹൃദത്തിന്റെ പുറത്താണെന്നും, വെള്ളിമൂങ്ങ എന്ന സിനിമയിലെ അതിഥി വേഷം തനിക്ക് കിട്ടിയ വലിയ ഒരു പ്രതീക്ഷയായിരുന്നുവെന്നും പറയുകയാണ് ആസിഫ് അലി. ഡൂള്‍ ന്യൂസിലെ അന്ന കീര്‍ത്തി ജോര്‍ജുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”സൗഹൃദം കാരണമാണ് എനിക്ക് പല സിനിമകളിലും അതിഥി വേഷം കിട്ടുന്നത്. എന്റെ സിനിമ കരിയറില്‍ നിന്നാണ് എനിക്ക് ഏറ്റവും നല്ല സൗഹൃദം കിട്ടുന്നത്. ഒരു കോളേജ് ലൈഫ് പോലെ നിലനിര്‍ത്തുന്ന സുഹൃത്ത് ബന്ധം എനിക്കുണ്ട്. സ്ഥിരമായി കാണുന്ന സുഹൃത്തുക്കളും, പേഴ്സണല്‍ സുഹൃത്തുക്കളും, ഫാമിലിയുമായി അടുപ്പമുള്ള സുഹൃത്തുക്കളുമുണ്ട്. അത് കൊണ്ട് സിനിമ എന്ന് പറയുന്നത് എനിക്ക് എപ്പോഴും ഒരു കോളേജ് വൈബാണ്.
അത് പോലുള്ള സുഹൃത്ത് ബന്ധത്തിന്റെ പുറത്താണ് പല അതിഥി വേഷങ്ങളും ഞാന്‍ ചെയ്യുന്നത്. വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് വേണ്ടി ബിജു ചേട്ടന്‍ (നടന്‍ ബിജു മേനോന്‍) എന്നെ ഒരു ദിവസം രാത്രി വിളിച്ചിട്ട്, എടാ എന്റെ സിനിമയില്‍ ഒരു ക്യാരക്ടര്‍ റോളുണ്ട്, നീ ഒന്ന് വന്ന് ചെയ്യുമോ എന്ന് ചോദിച്ചു. ഞാന്‍ ദേ വരുന്നു എന്ന് പറഞ്ഞ് പോയി ചെയ്ത വേഷമാണത്. ആ വര്‍ഷം ഇറങ്ങിയ എന്റെ ബാക്കി എല്ലാ സിനിമകളെക്കാള്‍ നന്നായ ഒരു വേഷമായിരുന്നു അത്.
ആ വര്‍ഷം ഞാന്‍ ചെയ്ത ബാക്കി ഏഴ് സിനിമകളും ഭയങ്കര മോശമായിരുന്നു. അതില്‍ നിന്ന് എനിക്ക് കിട്ടിയ വലിയ ഒരു പ്രതീക്ഷയായിരുന്നു വെള്ളിമൂങ്ങയിലെ ആ ക്യാരക്ടര്‍,” ആസിഫ് അലി പറഞ്ഞു.
”അത് പോലെ ഉണ്ട എന്ന സിനിമയ്ക്ക് വേണ്ടി റഹ്മാനും (സംവിധായകന്‍ ഖാലിദ് റഹ്മാന്‍) വിളിച്ചിരുന്നു. ആ സിനിമയുടെ ഷൂട്ട് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞാണ് അവന്‍ വിളിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ മച്ചാന്‍ ഒന്ന് ഇങ്ങോട്ട് വരുമോ എന്ന് എന്നോട് ചോദിച്ചു. ആ ചോദിക്കാനുള്ള ഒരു ഫ്രീഡം സൗഹൃദത്തിന്റെ പുറത്താണ്. ഞാന്‍ പോകുന്നതും അത് കൊണ്ടാണ്,” ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ‘കുറ്റവും ശിക്ഷയും’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: asif Ali says that his guest role in the movie Vellimoonga was a great hope for him