ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനായി മാറാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ് എന്ന ചിത്രങ്ങളും ഇപ്പോൾ തിയേറ്ററിൽ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന കിഷ്കിന്ധാ കാണ്ഡവും ആസിഫിന്റെ കയ്യിൽ ഭദ്രമാണ്.
വിളിച്ചാൽ ആസിഫ് അലി ഫോൺ എടുക്കാറില്ല എന്നാണ് പൊതുവെ സിനിമ മേഖലയിലുള്ള സംസാരം. പലരും അതിന് തന്നെ കുറ്റം പറയാറുണ്ടെന്നും എന്നാലും അത് തനിക്ക് ഇഷ്ടമാണെന്നും ആസിഫ് അലി പറയുന്നു. കരിയറിൽ താൻ അതിന്റേതായ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആ കാരണം കൊണ്ടാണ് ആദ്യത്തെ വിവാദം ഉണ്ടാവുന്നതെന്നും ആസിഫ് അലി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് ഫോൺ എടുക്കാത്ത ഒരു സ്വഭാവമുണ്ട്. എല്ലാവരും അതിനെന്നെ കുറ്റം പറയും. പക്ഷെ അതെനിക്ക് ഇഷ്ടമാണ്. അതിന്റേതായ പല പ്രശ്നങ്ങളും ഞാൻ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്.
പല സ്ഥലങ്ങളിലും എത്താൻ പറ്റാത്തത്തിന്റെയും പല സ്ഥലത്ത് നിന്ന് ഒഴിവാക്കപ്പെട്ടതിന്റെയുമെല്ലാം അനുഭവങ്ങൾ ആ കാരണം കൊണ്ട് എനിക്കുണ്ടായിട്ടുണ്ട്. എന്നെ കുറിച്ചുള്ള ആദ്യത്തെ വിവാദം ഉണ്ടാവുന്നതും അങ്ങനെയാണ്.
എങ്കിലും ഞാൻ എന്റെ സ്പേസ് വളരെ നന്നായി ആസ്വദിക്കുന്നുണ്ട്. അതെന്റെ നല്ലൊരു ശീലമാണ്. ഞാൻ എവിടെയാണോ അവിടെ ഉണ്ടാകും. ആ മൊമന്റ് നന്നായി ആസ്വദിക്കുന്ന ഒരാളാണ് ഞാൻ.
ഒരാൾ ഫോൺ വിളിക്കുമ്പോൾ ഞാൻ ഫോൺ എടുക്കണമെന്ന് ഒരിക്കലും വിചാരിക്കരുത്. ഞാൻ ഫ്രീ ആണെങ്കിൽ മാത്രമേ ഞാൻ ഫോൺ എടുക്കുകയുള്ളൂ. അതാണ് എന്റെ ബേസിക്ക് റൂൾ. ഞാൻ അവൈലബിൾ ആയിരിക്കില്ല. അതിനർത്ഥം ഞാൻ തിരക്കിൽ ആണെന്നല്ല. ഞാൻ മെന്റലി ലഭ്യമല്ല എന്നാണ്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Says That He Is Not Interested To Talk Phone Calls