കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലിയെന്ന പെര്‍ഫോമര്‍ക്ക് ഒരുപാട് പ്രശംസ ലഭിച്ച വര്‍ഷമാണ് 2024. അടുത്ത വര്‍ഷവും ഇതേവിജയം തുടരുമെന്ന സൂചന നല്‍കുന്നതാണ് ആസിഫിന്റെ വരും സിനിമകള്‍.
2025ന്റെ തുടക്കം തന്നെ ആസിഫ് അലിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിക്ക് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
ചിത്രത്തിനെപ്പറ്റി ഇന്‍ട്രെസ്റ്റിങ്ങായിട്ടുള്ള ചിന്തയുണ്ടെന്നും സാധാരണ ഇന്‍വെസ്റ്റിഗേഷന്‍ സിനിമ പോലെയല്ല രേഖാചിത്രമെന്നും ആസിഫ് അലി പറഞ്ഞു. നമുക്കെല്ലാമറിയുന്ന ഒരു ചരിത്രത്തിന്റെ ഓള്‍ട്ടര്‍നേറ്റ് വേര്‍ഷനാണ് രേഖാചിത്രമെന്നും നമുക്ക് പരിചിതമായ ഒരു സിനിമയില്‍ സംഭവിച്ചു എന്ന് പറയപ്പെടുന്ന തരത്തിലാണ് രേഖാചിത്രത്തിന്റെ കഥ പോകുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
അത്തരത്തിലുള്ള സിനിമയെപ്പറ്റി താന്‍ ആദ്യമായാണ് കേട്ടതെന്നും ആസിഫ് അലി പറഞ്ഞു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ താന്‍ എക്‌സൈറ്റഡായെന്നും മലയാളത്തില്‍ ഇതുപോലൊരു ചിത്രം വന്നിട്ടില്ലെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. രേഖാചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഈ സിനിമക്ക് ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള ഒരു ചിന്തയുണ്ട്. പോസ്റ്ററും ട്രെയ്‌ലറുമൊക്കെ കണ്ടപ്പോള്‍ മനസിലായതുപോലെ ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ്. പക്ഷേ കണ്ട് ശീലിച്ച ഇന്‍വെസ്റ്റിഗേഷന്‍ പോലെയല്ല. നമുക്ക് അറിയാവുന്ന ഒരു ചരിത്രത്തിന്റെ ഓള്‍ട്ടേര്‍ഡ് വേര്‍ഷനാണ് ഇതിന്റെ കഥ. നമുക്ക് അറിയാവുന്ന ഒരു സിനിമയുടെ കഥയില്‍ വ്യത്യസ്തമായ ഒരു വ്യാഖ്യാനം കൊണ്ടുവരുന്ന തരത്തിലാണ് ഇതിന്റെ കഥ പറഞ്ഞുപോകുന്നത്.
ഇത്തരത്തിലൊരു കഥയെപ്പറ്റി ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ, എങ്ങനെയാണ് ഇതുപോലൊരു ചിന്തയിലേക്ക് എത്തിയതെന്ന് ആലോചിച്ച് ഞാന്‍ എക്‌സൈറ്റഡായിരുന്നു. എന്റെ അറിവില്‍ മലയാളത്തില്‍ ഇതുപോലെ ഒരു കഥ വന്നിട്ടില്ലെന്ന് തന്നെ പറയാം. അത്രക്ക് കോണ്‍ഫിഡന്‍സ് എനിക്ക് ഈ സിനിമയിലുണ്ട്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali says that he is excited on Rekhachithram movie script