നല്ലതാണെങ്കില്‍ എല്ലാവരും ഒരുപോലെ സപ്പോര്‍ട്ട് ചെയ്യുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആ സിനിമ: ആസിഫ് അലി
Entertainment
നല്ലതാണെങ്കില്‍ എല്ലാവരും ഒരുപോലെ സപ്പോര്‍ട്ട് ചെയ്യുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആ സിനിമ: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 9:03 am

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിസ് ജോയ് ചിത്രമായിരുന്നു തലവന്‍. ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിച്ച തലവന്‍ തില്ലര്‍ മൂഡിലെത്തിയ ചിത്രമായിരുന്നു. മെയ് 24ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

ഒരു സിനിമ നല്ലതാണെങ്കില്‍ എല്ലാവരും ഒരുപോലെ സപ്പോര്‍ട്ട് ചെയ്യും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തലവനെന്ന് പറയുകയാണ് ആസിഫ് അലി. സിനിമയുടെ ഭാഗമായി പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

ആദ്യ ഷോ കഴിഞ്ഞതോടെ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയും വേര്‍ഡ് ഓഫ് മൗത്തിലൂടെയും തലവനെ വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആസിഫ് അലി പറയുന്നു. അതിലുള്ള തന്റെ സന്തോഷവും താരം പങ്കുവെച്ചു.

‘സിനിമ നല്ലതാണെങ്കില്‍ എല്ലാവരും ഒരുപോലെ സപ്പോര്‍ട്ട് ചെയ്യും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തലവന്‍. ആദ്യ ഷോ കഴിഞ്ഞ് സിനിമക്ക് പോസിറ്റീവ് അഭിപ്രായമുണ്ട് അല്ലെങ്കില്‍ നല്ല പടമാണ് എന്ന് മനസിലാക്കിയ നിമിഷം മുതല്‍ എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെയും വേര്‍ഡ് ഓഫ് മൗത്തിലൂടെയും തലവനെ വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതില്‍ ഒരുപാട് സന്തോഷമുണ്ട്,’ ആസിഫ് അലി പറഞ്ഞു.

മികച്ച പ്രതികരണങ്ങള്‍ നേടുന്ന തലവന്‍ മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ ജോര്‍ജ്, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Asif Ali Says Thalavan Is The Latest Example Of How If A Movie Is Good, Everyone Will Support It