Entertainment
എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണത്; ആ സിനിമയുടെ അടുത്ത ഭാഗം ചെയ്യാന്‍ ആഗ്രഹമുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 25, 05:32 am
Monday, 25th November 2024, 11:02 am

ലാല്‍ ജൂനിയര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഹണി ബീ. ഭാവന, ആസിഫ് അലി, ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ബാലു വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഹണി ബീയില്‍ ഉണ്ടായിരുന്നത്.

സിനിമയില്‍ സെബാന്‍ എന്ന സെബാസ്റ്റ്യന്‍ ആയിട്ടാണ് ആസിഫ് അലി എത്തിയത്. തന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഹണി ബീയിലെ സെബാന്‍ എന്ന് പറയുകയാണ് ആസിഫ്.

മിക്കവര്‍ക്കും ഇഷ്ടമുള്ള ഒരു സിനിമയാണ് അതെന്നും ആ സിനിമയുടെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍ മറുപടി പറയേണ്ടത് താനല്ലെന്നും നടന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹണി ബീ മിക്കവര്‍ക്കും ഇഷ്ടമുള്ള സിനിമയാണ്. ആ സിനിമയുടെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍, അതിന് ഞാനല്ല ജീന്‍ പോളാണ് മറുപടി പറയേണ്ടത്. എനിക്ക് സത്യത്തില്‍ ഒരുപാട് ആഗ്രഹമുണ്ട്. എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അതിലെ സെബാന്‍ എന്ന കഥാപാത്രം,’ ആസിഫ് അലി പറയുന്നു.

പേഴ്സണല്‍ ലൈഫിലും താന്‍ കുറച്ച് സ്റ്റൈല്‍ കോണ്‍ഷ്യസായ ആളാണെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. സ്റ്റൈലിങ്ങില്‍ തന്റേതായ ഒരു ഐഡന്റിറ്റി കൊണ്ടുവരാന്‍ ഒരുപാട് ഇഷ്ടമാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഹണി ബീ അത്തരത്തില്‍ ഒരു നല്ല സിനിമയായിരുന്നെന്നും ഹണി ബീ പോലെയുള്ള ഒരു സിനിമ വരികയാണെങ്കില്‍ തീര്‍ച്ചയായും താനത് ചെയ്തിരിക്കുമെന്നും നടന്‍ പറഞ്ഞു.

‘എന്റെ സിനിമയിലെ സ്റ്റൈലിങ്ങിനെ കുറിച്ച് ചോദിച്ചാല്‍, സത്യത്തില്‍ എന്റെ പേഴ്സണല്‍ ലൈഫിലും കുറച്ച് സ്റ്റൈല്‍ കോണ്‍ഷ്യസായ ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ സ്റ്റൈലിങ്ങില്‍ എന്റേതായ ഒരു ഐഡന്റിറ്റി കൊണ്ടുവരാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

അത്തരത്തില്‍ വ്യത്യസ്തമായ സ്റ്റൈലിലും ലുക്കിലും ചെയ്യാന്‍ സാധിക്കുന്ന സിനിമ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെയുള്ള സിനിമ നോക്കുകയാണെങ്കില്‍ ഹണി ബീ അത്തരത്തില്‍ ഒരു നല്ല സിനിമയായിരുന്നു. ഹണി ബീ പോലെയുള്ള ഒരു സിനിമ വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്തിരിക്കും,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Says Seban In Honey Bee Is His Fav Character