| Monday, 6th January 2025, 10:13 am

അദ്ദേഹം സൂപ്പര്‍ നാച്ചുറല്‍ ആണെന്ന് തോന്നി; പൊലീസ് വേഷങ്ങള്‍ ചെയ്യാനുള്ള ധൈര്യം കിട്ടിയത് അങ്ങനെ: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുന്ന നടനാണ് ആസിഫ് അലി. എന്നാല്‍ കരിയറിന്റെ തുടക്ക കാലത്ത് അദ്ദേഹം പൊലീസ് വേഷങ്ങള്‍ ചെയ്തിരുന്നില്ല. ഇതേ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. പൊലീസ് വേഷം ചെയ്യാനുള്ള ധൈര്യം തനിക്ക് ലഭിക്കുന്നത് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്ററും പൊലീസുകാരനുമായ സിബി തോമസിനെ കണ്ടപ്പോഴാണെന്ന് ആസിഫ് പറഞ്ഞു.

തന്റെ മനസിലെ പൊലീസ് ഓഫീസര്‍മാരെല്ലാം സിനിമാറ്റിക് രീതിയിലുള്ള നല്ല മസിലും പൗരുഷവും ഉള്ളവരായിരുന്നു എന്നും എന്നാല്‍ സിബി തോമസ് വളരെ സാധാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അങ്ങനെ ഉള്ള അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കഥകള്‍ കേട്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നും ആ ഇമേജ് ബ്രേക്ക് ചെയ്തപ്പോഴാണ് തനിക്ക് പൊലീസ് വേഷങ്ങള്‍ ചെയ്യാനുള്ള ധൈര്യം കിട്ടിയതെന്നും ആസിഫ് വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊലീസ് വേഷം ചെയ്യാനുള്ള ധൈര്യം എനിക്ക് കിട്ടിയത് ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ സിബി ചേട്ടനെ കണ്ടപ്പോഴായിരുന്നു. അതുവരെയുള്ള എന്റെ മനസിലെ പൊലീസ് ഓഫീസേര്‍സെല്ലാം സിനിമാറ്റിക് രീതിയിലുള്ള നല്ല മസിലും പൗരുഷവും എല്ലാം ഉള്ളവരായിരുന്നു.

ആ ഒരു രൂപത്തിലേക്ക് എനിക്ക് ഇപ്പോള്‍ എത്താന്‍ കഴിയുമെന്ന ഭയം കൊണ്ടാണ് ഞാന്‍ പലപ്പോഴും പൊലീസ് വേഷങ്ങളോട് നോ പറഞ്ഞിട്ടുള്ളത്.

ഇയാള്‍ ഒരു പൊലീസുകാരന്‍ ആണല്ലേ എന്ന ആകാംക്ഷയോടെയാണ് ഞാന്‍ കുറ്റവും ശിക്ഷയുടെയും കഥ കേള്‍ക്കാന്‍ ഇരുന്നത്.

സിനിമാറ്റിക് ആയ രീതിയിലുള്ള ഒരു രൂപവും ഇല്ലാത്ത സാധാരണക്കാരനായ ഒരു പൊലീസുകാരനായിരുന്നു അദ്ദേഹം. പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള പല കാര്യങ്ങളും കേള്‍ക്കുമ്പോള്‍ അത്രയും സൂപ്പര്‍ നാച്ചുറല്‍ ആയിട്ടുള്ള പോലീസുകാരനാണെന്ന് ചിന്തിക്കാന്‍ കഴിയും. ആ ഒരു ഇമേജ് ബ്രേക്ക് ചെയ്തപ്പോഴാണ് എനിക്ക് പൊലീസ് വേഷങ്ങള്‍ ചെയ്യാനുള്ള ധൈര്യം കിട്ടുന്നത്,’ ആസിഫ് അലി

Content Highlight: Asif Ali  Says script Writer Sibi Thomas Influence Him To Do Police Characters

We use cookies to give you the best possible experience. Learn more