| Tuesday, 7th January 2025, 10:04 pm

ഭ്രമയുഗത്തിന്റെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ എനിക്ക് ആദ്യം അറിയേണ്ട കാര്യം അതായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് മമ്മൂട്ടിയായിരുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ പ്രകടനത്തെയും പലരും പ്രശംസിച്ചിരുന്നു.

ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച തേവന്‍ എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം സമീപിച്ചത് ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ആസിഫിന് ഭ്രമയുഗം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ചിത്രത്തിന്റെ കഥ മുഴുവനായി തന്നെ സംവിധായകന്‍ തന്നോട് വിവരിച്ചിരുന്നെന്ന് ആസിഫ് അലി പറഞ്ഞു.

കഥ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ താന്‍ ആദ്യം ചോദിച്ചത് ഈ കഥ ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിച്ചോ എന്നായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഒരു കഥ അദ്ദേഹത്തിന് കണ്‍വിന്‍സ് ആവുകയും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഷൂട്ട് ചെയ്യുന്നതിനോട് എന്ത് പറഞ്ഞെന്നും അറിയാന്‍ തനിക്ക് ക്യൂരിയോസിറ്റി ഉണ്ടായിരുന്നെന്നും ആസിഫ് അലി പറഞ്ഞു.

ഭ്രമയുഗം മാത്രമല്ല, ഈയടുത്ത് മമ്മൂട്ടിയുടെ ഫിലിമോഗ്രഫി എല്ലാവരെയും ഇന്‍സ്പയര്‍ ചെയ്യുന്നതാണെനന്നും മറ്റൊരു നടനും ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ ചെയ്യില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ പ്രായത്തിലും സ്റ്റാര്‍ഡത്തിലുമുള്ള ഒരു നടനും കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നും ആസിഫ് അലി പറഞ്ഞു. കരിയറിന്റെ പുതിയ ഫെയ്‌സ് അദ്ദേഹം എന്‍ജോയ് ചെയ്യുകയാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘മമ്മൂക്ക ഇപ്പോഴും എല്ലാവരെയും ഇന്‍സ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സ്റ്റൈലിന്റെ കാര്യത്തിലും സിനിമകളുടെ കാര്യത്തിലും എന്നുള്ള വ്യത്യാസമില്ല. അദ്ദേഹത്തിന്റെ പ്രായവും സ്റ്റാര്‍ഡവുമൊക്കയുള്ള നടന്മാര്‍ മറ്റ് ഇന്‍ഡസ്ട്രികളിലും ഒരുപാട് ഉണ്ട്. എന്നാല്‍ കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ അവരാരും ധൈര്യപ്പെടില്ല. അത്തരത്തില്‍ ഒരോ പരീക്ഷണം ചെയ്യുന്നതിലൂടെ കരിയറിലെ പുതിയ ഫെയ്‌സ് അദ്ദേഹം എന്‍ജോയ് ചെയ്യുകയാണ്.

അതുപോലെ തന്നെ ഭ്രമയുഗം എന്ന സിനിമയും. ഞാന്‍ മുമ്പ് പല ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടുള്ളതാണ്. അതില്‍ അര്‍ജുന്‍ അശോകന്‍ ചെയ്ത ക്യാരക്ടറിലേക്ക് ആദ്യം വിളിച്ചത് എന്നെയായിരുന്നു. എന്നാല്‍ എനിക്ക് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ, ആ സിനിമയുടെ കഥ കേട്ടപ്പോള്‍ എനിക്ക് ആദ്യം അറിയേണ്ടിയിരുന്നത് മമ്മൂക്ക ഈ കഥക്ക് ഓക്കെ പറഞ്ഞോ എന്നായിരുന്നു. കാരണം, അത്തരത്തില്‍ ഒരു ക്യാരക്ടറാണ്, അതുമാത്രമല്ല, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നു. ഇതെല്ലാം അദ്ദേഹത്തെ എക്‌സൈറ്റ് ചെയ്യിച്ചിട്ടുണ്ടാകാം,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali says only Mammootty can do films like Kaathal and Bramayugam

We use cookies to give you the best possible experience. Learn more