| Sunday, 12th June 2022, 2:56 pm

സംവിധായകനോ സ്‌ക്രിപ്‌റ്റോ അല്ല, സിനിമയുടെ പ്രശ്‌നമെന്താണെന്ന് മനസിലാവുന്ന നിമിഷമിതാണ്, അതൊരു മാജിക്കാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനെയോ സ്‌ക്രിപ്‌റ്റോ നോക്കി ഒരു സിനിമ വിജയിക്കുമോയെന്ന് പറയാനാവില്ലെന്ന് ആസിഫ് അലി. സിനിമയോടുള്ള എക്‌സൈറ്റ്‌മെന്റ് കൊണ്ട് കയ്യില്‍ നില്‍ക്കാത്ത കഥാപാത്രങ്ങളും സ്‌ക്രിപ്റ്റില്ലാത്ത സിനിമകളും ചെയ്തിട്ടുണ്ടെന്നും വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.

‘സിനിമകള്‍ പരാജയപ്പെടുമ്പോള്‍ വിഷമം വരാറുണ്ട്. അതെനിക്ക് ഭയങ്കര സങ്കടമാണ്. എല്ലാ സിനിമകളും വളരെ ആത്മാര്‍ത്ഥതയോടെയാണ് ചെയ്യുന്നത്. ഈ സിനിമ സൂപ്പര്‍ ഹിറ്റാകും എന്ന് വിശ്വസിച്ച് തന്നെയാണ് റിലീസിന്റെ തലേദിവസം വരെ ഇരിക്കുന്നത്. പക്ഷേ അധിക സമയത്തും അത് സംഭവിക്കാറില്ല. ഭയങ്കര വിഷമം വരും.

എന്താണ് എന്റെ ചോയ്‌സിന് പറ്റുന്നത് എന്ന് ഞാന്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. സംവിധായകനെ നോക്കി ഒരു സിനിമ രക്ഷപ്പെടുമെന്ന് മനസിലാക്കാന്‍ പറ്റില്ല. സ്‌ക്രിപ്റ്റ് വായിച്ച് മനസിലാക്കാന്‍ പറ്റില്ല. ആളുകളുടെ കൂടെ ഇരുന്ന് ഫസ്റ്റ് ഷോ കാണുമ്പോള്‍ മാത്രമേ ആ സിനിമയുടെ പ്രശ്‌നമെന്താണെന്ന് മനസിലാക്കാന്‍ പറ്റുകയുള്ളൂ. അത് സിനിമയുടെ ഒരു മാജിക്കാണ്. ലക്കിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നോ കഴിവിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നോ എനിക്കറിയില്ല,’ ആസിഫ് അലി പറഞ്ഞു.

‘സുഹൃത്ത് ബന്ധത്തിന്റെ പേരില്‍ ഗസ്റ്റ് റോള്‍സ് ചെയ്തിട്ടുണ്ട്. അത് പക്ഷേ സന്തോഷത്തോടെ ചെയ്തതാണ്. അതുകൊണ്ട് ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. ഉസ്താദ് ഹോട്ടലിന് ശേഷം ഇപ്പോഴും ഹോട്ടലിലൊക്കെ ചെല്ലുമ്പോള്‍ കുഞ്ചാക്കോ ബോബനല്ലേ എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. വെള്ളിമൂങ്ങയിലെ കഥാപാത്രത്തിന് നല്ല കയ്യടി കിട്ടിയതാണ്. ഉണ്ടയുടെ ഷൂട്ടിന്റെ സമയത്ത് റഹ്മാന്‍ എന്നെ വിളിച്ച് ഒരു ദിവസം വരുവാണേല്‍ ഒരു കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞു. പിന്നെ മമ്മൂക്കയുടെ പടത്തില്‍ ഒരു റോള്‍ ചെയ്യുന്നുവെന്ന എക്‌സൈറ്റ്‌മെന്റും ഉണ്ടായിരുന്നു.

ഏതെങ്കിലും ഒരു സമയത്ത് സുഹൃത്ത് ബന്ധത്തിന്റെ പേരില്‍ സിനിമകള്‍ ചെയ്തിരിക്കാം. പക്ഷേ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന എന്തെങ്കിലും ഒരു ഫാക്ടര്‍ സിനിമയിലുണ്ടായിരിക്കണം. അല്ലെങ്കില്‍ ഞാന്‍ തിയേറ്ററില്‍ പോയി കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കണം. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ വന്ന ആളായത് കൊണ്ട് എനിക്ക് എക്‌സൈറ്റ്‌മെന്റ് കൂടുതലാണ്. പല സമയത്തും എന്റെ കയ്യില്‍ നില്‍ക്കാത്ത കഥാപാത്രവും സിനിമയും ഞാന്‍ ചെയ്തിട്ടുണ്ട്. പലപ്പോഴും സ്‌ക്രിപ്റ്റുകളില്ലാത്ത സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒത്തിരി ആഗ്രഹിച്ച് ഒരു കാര്യം ചെയ്യുമ്പോള്‍ അത് യൂസ് ചെയ്യാനല്ലേ നോക്കൂ. അത് മാക്‌സിമം കണ്‍ട്രോള്‍ ചെയ്ത് കൂടുതല്‍ ചിന്തിച്ച് തീരുമാനമെടുത്ത് ഇപ്പോള്‍ സിനിമ ചെയ്യാനാണ് ശ്രമിക്കാറുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Asif Ali says it is not possible to tell whether a film will be successful by looking at the director or the script

We use cookies to give you the best possible experience. Learn more