| Sunday, 17th July 2022, 6:02 pm

സിനിമാ പാരമ്പര്യമില്ലാതെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്കായിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ പ്രേക്ഷര്‍ക്ക് കൗതുകമുയര്‍ത്തിയിരുന്നു. ഫാന്റസി ടൈംട്രാവല്‍ ജോണറിലെത്തുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിവിന്‍ പോളിയും ആസിഫ് അലിയും അടക്കമുള്ള താരങ്ങള്‍ തിരുവനന്തപുരം ലുലു മാളിലെത്തിയിരുന്നു. ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍ എന്നാണ് ആസിഫ് അലി പറഞ്ഞത്.

‘ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെസമയം ചെവവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടത്.

എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാം ഇന്ത്യന്‍ സിനിമയില്‍ നമുക്ക് പ്രസന്റ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല സിനിമകളിലൊന്നാവും മഹാവീര്യര്‍,’ ആസിഫ് അലി പറഞ്ഞു.

തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നാണ് നിവിന്‍ പോളി ചിത്രത്തെ പറ്റി പറഞ്ഞത്. ‘ഞാനും ആസിഫും എട്ടൊമ്പത് വര്‍ഷത്തിന് ശേഷം ഒരു സിനിമ ചെയ്യുകയാണ്. ഷൈന്‍ ചേട്ടനുമായി മൂന്നാമത്തെ സിനിമയാണ്. പ്രേക്ഷകര്‍ക്ക് വേണ്ടി, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍. ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എന്നെ കൊണ്ടാവുന്ന രീതിയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്,’ നിവിന്‍ പറഞ്ഞു.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Asif Ali says If we can come without a film tradition and capture your love, what more do we need

We use cookies to give you the best possible experience. Learn more