പൊലീസുകാരന്റെ ലുക്ക് ഇല്ലല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്‌നം: ആസിഫ് അലി
Film News
പൊലീസുകാരന്റെ ലുക്ക് ഇല്ലല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്‌നം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th May 2022, 4:45 pm

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സി.ഐ സാജന്‍ ഫിലിപ്പ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും കേന്ദ്രകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സിനിമാറ്റിക്ക് പൊലീസുകാരന്റെ ലുക്ക് ഇല്ലെന്നുള്ളത് തനിക്ക് ആശങ്കയായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. ഡൂള്‍ന്യൂസിനായി അന്ന കീര്‍ത്തി ജോര്‍ജിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

May be an image of 1 person

”വ്യക്തിപരമായി ഞാന്‍ ഏറ്റവും അടുത്തതും പരിചയപ്പെട്ടതും ഇടപെട്ടതുമായ ഒരു പൊലീസ്‌കാരന്‍ സിബി തോമസ് സാറാണ്. ഒരു സി.ഐയാണ് അദ്ദേഹം. ഈ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്യുന്ന സമയത്ത് എന്നെ കാണാന്‍ സോ കോള്‍ഡ് സിനിമാറ്റിക്ക് പൊലീസുകാരന്റെ ലുക്ക് ഇല്ല, അവരുടെ മസ്‌ക്കുലറുമില്ല എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം.

എന്നാല്‍ സിബി സാറിനെ കണ്ട് കഴിഞ്ഞപ്പോള്‍ പൊലീസ് എന്നത് ഒരു സാധാരണക്കാരനാണ് എന്ന് എനിക്ക് മനസ്സിലായി. ആറ്റിട്ട്യൂഡിലും, ചാലഞ്ചസ് ഫേസ് ചെയ്യുന്ന രീതിയിലുമാണ് പൊലീസുകാരന്റെ ആകെയുള്ള ഒരു വ്യത്യാസം. അപ്പോഴാണ് ഒരാള്‍ പൊലീസാവുന്നത്. ഈ ഒരു തിരിച്ചറിവ് എനിക്ക് കിട്ടിയത് സിബി സാറില്‍ കൂടിയാണ് വരുന്നത്.

Asif Ali's Kuttavum Shikshayum gets a new release date - Malayalam News -  IndiaGlitz.com

കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ പൊലീസുകാരുടെ ലൈഫില്‍ അനുഭവിക്കുന്ന സ്ട്രഗിളും പ്രഷറുമാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ഒരു പൊലീസുകാരന്‍ കൈകാര്യം ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ എന്നതിലുപരി പൊലീസുകാരുടെ വികാരമാണ് സിനിമയില്‍ പ്രധാനമായും കാണിച്ചത് എന്ന് എനിക്ക് തോന്നുന്നു.

ഒരു കേസ് തെളിയിക്കുക എന്ന് പറഞ്ഞാല്‍, അവര്‍ ഡീല്‍ ചെയ്യുന്ന ആളുകളും, അവരുടെ ഇമോഷണല്‍ സൈഡും, ഒരു മനുഷ്യന്‍ എന്ന നിലയില്‍ പൊലീസുകാര്‍ എടുക്കേണ്ട കുറെ തീരുമാനങ്ങളും, അത് വേണ്ട എന്ന് വെക്കുന്ന അവസ്ഥകളുമൊക്കെയാണ് ഈ സിനിമയില്‍ പറഞ്ഞ് പോകുന്നത്. അത് ശരിക്കും ഭയങ്കര ഒരു തിരിച്ചറിവായിരുന്നു,” ആസിഫ് അലി പറഞ്ഞു.

”ഒരു പൊലീസ്‌കാരന്‍ യൂണിഫോം ഇടുന്നതിന്റെ കൂടെ റിയല്‍ ലൈഫില്‍ ഒരു ക്യാരക്ടറും ചെയ്യുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പൊലീസുകാരുടെ ആറ്റിട്ട്യൂഡ് അവര്‍ മനപൂര്‍വ്വം ഇടുന്നതാണ്. ഒരിക്കലും ഒരു സാധാരണക്കാരന് അങ്ങനെ ചെയ്യാന്‍ പറ്റില്ല. എന്നാല്‍ ഇവര്‍ അനുഭവിക്കുന്ന ഒരു പ്രഷറില്‍ ഫേക്ക് ആയി പെരുമാറുന്ന ക്യാരക്ടര്‍ പൊലീസുക്കാര്‍ക്കെല്ലാവര്‍ക്കും ഉണ്ട്. അത് കൊണ്ടാണ് പല സമയത്തും ഇവര്‍ നമ്മളോട് ചിരിക്കാന്‍ മറന്ന് പോകുന്നതും, അല്ലെങ്കില്‍ റൂഡായി പെരുമാറുന്നതുമൊക്കെ ആ ഒരു പ്രഷറിലാണ്,” ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ‘കുറ്റവും ശിക്ഷയും’ എന്ന പുതിയ ചിത്രം നിര്‍മിക്കുന്നത്. സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി ഉത്തരേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. സംഗീതസംവിധാനം ഡോണ്‍ വിന്‍സെന്റ്. മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Asif Ali says he was worried about not having the look of a cinematic policeman while acting in kuttavum sikshayum