2024ല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ ഏ മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം 2007ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് പോയ ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ബോക്‌സ് ഓഫീസില്‍ 200 കോടിയോളം ചിത്രം നേടിയിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രം വന്‍ വിജയമായി മാറി.
ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് സംവിധായകന്‍ ആദ്യം പരിഗണിച്ചത് തന്നെയായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. ചിദംബരത്തിന്റെ ആദ്യ സിനിമ മുതല്‍ തങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമായിരുന്നെന്ന് ആസിഫ് പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ കുഴിയിലേക്ക് പോകുന്ന റോളിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
പിന്നീട് സിനിമയുടെ കഥയും മറ്റ് കാര്യങ്ങളും പുരോഗമിച്ച സമയത്ത് ആ സിനിമക്ക് താനൊരു ബാധ്യതയാകുമോ എന്ന് സംശയമായെന്ന് ആസിഫ് അലി പറഞ്ഞു. അതിന് ശേഷമാണ് താന്‍ മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിന്ന് പിന്മാറിയതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന്റെ അടുത്ത സിനിമയുടെ തിരക്കഥ എഴുതുന്നത് ജിത്തു മാധവനാണെന്നും ആ പ്രൊജക്ടില്‍ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും ആസിഫ് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ചിദംബരത്തിന്റെ ആദ്യത്തെ സിനിമയുടെ സമയം മുതല്‍ അവനുമായി നല്ല സൗഹൃദത്തിലാണ്. ജാന്‍ ഏ മനില്‍ വോയിസ് ചെയ്തത് അതുകൊണ്ടാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഡിസ്‌കഷന്‍ തുടങ്ങിയ സമയത്ത് കുഴിയിലേക്ക് പോകുന്ന റോളിലേക്ക് എന്നെയായിരുന്നു പരിഗണിച്ചത്. പിന്നീട് കഥയും മറ്റ് കാര്യങ്ങളും പുരോഗമിച്ചപ്പോള്‍ ആ പ്രൊജക്ടില്‍ ഞാന്‍ ഒരു ബാധ്യതയായതുപോലെ തോന്നി.
അങ്ങനെയാണ് ഞാന്‍ ആ പടത്തില്‍ നിന്ന് പിന്മാറിയത്. അതില്‍ കുറ്റബോധമില്ല. ചിദംബരത്തിന്റെ അടുത്ത സിനിമക്ക് തിരക്കഥ എഴുതുന്നത് ജിത്തു മാധവനാണ്. ആ പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ അവനോട് ഞാന്‍ ആദ്യം ചോദിച്ചത് ഇത് മലയാള സിനിമ ആണോ എന്നായിരുന്നു. ആ പ്രൊജക്ടില്‍ ഞാനും എക്‌സൈറ്റഡാണ്,’ ആസിഫ് അലി പറഞ്ഞു.
ആസിഫിന്റെ ഏറ്റവും പുതിയ സിനിമയായ രേഖാചിത്രം റിലീസിനൊരുങ്ങുകയാണ്. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 1990കളില്‍ മലയാളത്തിലെ ഒരു സിനിമാസെറ്റില്‍ നടക്കുന്ന ക്രൈമും അതിന്റെ അന്വേഷണവുമാണ് ചിത്രം പറയുന്നത്. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Asif Ali says he was supposed to do the role of Sreenath Bhasi in Manjummel Boys.