| Monday, 16th May 2022, 11:55 pm

ലിജോ ജോസ് പെല്ലിശ്ശേരിയോട് ചാന്‍സ് ചോദിച്ചിട്ടുണ്ട്, അദ്ദേഹം ഒരു വാക്ക് തന്നിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. ശ്യാംപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് സിനിമ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നായകനായും വില്ലനായും, സഹനടനായും താരം മലയാള സിനിമയില്‍ തിളങ്ങി നിന്നു. മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ എന്ന ചിത്രമാണ് ആസിഫിന്റെ അവസാനമായി റീലീസായത്.

താന്‍ ചാന്‍സ് ചോദിച്ച് പല സംവിധായകരുടെ അടുത്ത് പോയിട്ടുണ്ടെന്നും, നമുക്ക് പറ്റിയ കഥാപാത്രം വരുമ്പോള്‍ ഇവരെല്ലാം വിളിക്കുമെന്നും പറയുകയാണ് ആസിഫ് അലി. മൂവി മാന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ചാന്‍സ് ചോദിച്ച് പല സംവിധായകരുടെ അടുത്ത് പോയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തും പോയിട്ടുണ്ട്. ഒരുപാട് വര്‍ഷമായി ഞാന്‍ അദ്ദേഹത്തോട് ചാന്‍സ് ചോദിക്കുന്നു. ചാന്‍സ് ചോദിക്കുകയാണെങ്കില്‍ പോലും, നമുക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് എന്ന് അവര്‍ക്കും തോന്നണമല്ലോ. എനിക്ക് പറ്റിയ ഒരു കഥാപാത്രം വരുമ്പോള്‍ എന്നെ വിളിക്കും എന്ന ഒരു വാക്കുതന്നിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ ഹൃദയം സിനിമയിലെ പാട്ട് ഇറങ്ങിയ സമയത്ത്, അതിനോടുള്ള ആകര്‍ഷണം സഹിക്കാന്‍ കയ്യാതെ അവനെ ഞാന്‍ വിളിച്ചിരുന്നു. എനിക്ക് ഒരു സിനിമ ചെയ്യണം, പ്ലീസ് എനിക്ക് ഒരു ലവ് സ്റ്റോറി ചെയ്യണം, എന്നെ സിനിമയിലേക്ക് വിളിക്കൂ, നമുക്ക് ഒരു സിനിമ ചെയ്യാടോ എന്നൊക്കെ വിനീതിനോട് പറഞ്ഞു. ഞാന്‍ നോക്കാം ആസിഫേ എന്നായിരുന്നു അവന്റെ മറുപടി.

എന്നാല്‍ ഹൃദയം സിനിമ കണ്ടപ്പോള്‍ എന്ത് കൊണ്ടാണ് വിനീത് അവരെ തെരഞ്ഞെടുത്തത് എന്ന് എനിക്ക് മനസ്സിലായി. ഇത് പറയാന്‍ ഞാന്‍ വിനീതിനെ വീണ്ടും വിളിച്ചിരുന്നു. ആ സിനിമയിലെ ഓരോരുത്തരുടെയും കാസ്റ്റിംഗ് വളരെ മികച്ചതായിരുന്നു. അത് കൊണ്ട് നമുക്ക് പറ്റിയ കഥാപാത്രം വരുമ്പോള്‍ ഇവരെല്ലാം വിളിക്കും,ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന ‘കുറ്റവും ശിക്ഷയും’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. രാജീവ് രവിയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ്. മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights:  Asif Ali Says asked  a chance and he has given Lijo  Jose Pellissery

We use cookies to give you the best possible experience. Learn more