ഹീറോ ആകാന്‍ വേണ്ട ഹൈറ്റും കളറുമില്ല; നല്ലൊരു ജോലി കണ്ടുപിടിച്ച് ലൈഫ് സെറ്റിലാകൂ എന്ന് അദ്ദേഹം പറഞ്ഞു: ആസിഫ് അലി
Entertainment
ഹീറോ ആകാന്‍ വേണ്ട ഹൈറ്റും കളറുമില്ല; നല്ലൊരു ജോലി കണ്ടുപിടിച്ച് ലൈഫ് സെറ്റിലാകൂ എന്ന് അദ്ദേഹം പറഞ്ഞു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th November 2024, 12:20 pm

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ മികച്ചതാക്കുന്ന ആസിഫിനെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണാന്‍ സാധിക്കുന്നത്.

പണ്ട് സിനിമ ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ ഒരു സംവിധായകന്‍ തനിക്ക് ഹീറോ ആകാന്‍ വേണ്ട ഹൈറ്റോ കളറോ ഇല്ലെന്ന് പറഞ്ഞെന്ന് ആസിഫ് അലി പറയുന്നു. നല്ലൊരു പ്രൊഫഷന്‍ കണ്ടുപിടിച്ച് ജോലി നേടി സെറ്റിലാകാന്‍ അദ്ദേഹം പറഞ്ഞെന്നും അപ്പോള്‍ തന്റെ മനസ് സിനിമയില്‍ നിന്ന് ഒരു സ്റ്റെപ്പ് പുറകിലേക്ക് പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിന് ശേഷം കമല്‍ ഹാസനെ ഒരു ഹോട്ടലില്‍ വെച്ച് കാണാന്‍ പോയെന്നും എല്ലാവരും ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ താന്‍ പോയി ഹൈറ്റാണ് നോക്കിയതെന്നും ആസിഫ് പറയുന്നു. അഭിനേതാവാകാന്‍ ഹൈറ്റ് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. കൈരളി ചാനലിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

”ആസിഫ് തനിക്ക് ഒരു ഹീറോ ആകാന്‍ വേണ്ട ഹൈറ്റും കളറും ഒന്നും ഇല്ല. ഞാന്‍ ഒരുപാട് പുതിയ ആളുകള്‍ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് എന്റെ മകന്റെ പ്രായമേ നിനക്കൊള്ളു, മോനെ നല്ലൊരു പ്രൊഫഷന്‍ കണ്ടുപിടിച്ച് പഠിച്ച് ജോലി ചെയ്ത് അതില്‍ നിന്ന് മാതാപിതാക്കളെ നോക്കി ലൈഫില്‍ സെറ്റില്‍ ആകു’ എന്ന് വളരെ കണ്‍വിന്‍സിങ് ആകുന്ന രീതിയില്‍ ഒരു ഉപദേശം ഒരു സംവിധായന്‍ എനിക്ക് തന്നു.

ശരിക്കും ആ ഒരു പോയിന്റില്‍ ഞാന്‍ തന്നെ മനസ്സില്‍ ഒരു സ്റ്റെപ്പ് പിറകിലേക്ക് പോയി. ഞാന്‍ തന്നെ വിചാരിച്ചു എനിക്കിത് പറ്റില്ലായിരിക്കും, എനിക്കും എല്ലാ ആളുകളെയും പോലെ സിനിമ എന്ന എക്‌സൈറ്റ്‌മെന്റ് മാത്രമായിരിക്കും ഉള്ളതെന്ന്.

അതിന് ശേഷം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു പരിപാടിക്ക് കമല്‍ ഹാസന്‍ സാര്‍ ഇവിടെ ഒരു ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന് എന്റെ ഒരു കുടുംബാഗം പറഞ്ഞതനുസരിച്ച് കമല്‍ സാറിനെ കാണാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവരും പോയി. അവിടെ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കണം എന്ന എക്‌സൈറ്റ്‌മെന്റിലായിരുന്നു പോയിരുന്നത്.

പക്ഷെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി നിന്ന് നോക്കിയത് ഹൈറ്റാണ്. അപ്പോള്‍ എന്നെക്കാള്‍ അദ്ദേഹത്തിന് ഉയരം കുറവാണെന്ന് മനസിലായി. സിനിമയില്‍ അഭിനയിക്കാന്‍ ഹൈറ്റ് ഒരു പ്രശ്‌നമല്ലെന്ന് അപ്പോള്‍ മനസിലായി,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Says A Director Told Him He Don’t Have The Hight Or Color To Becoming An Hero