| Friday, 21st June 2024, 7:37 pm

ആ സിനിമ എനിക്ക് പകരം ആദ്യം ചെയ്യേണ്ടിയിരുന്നത് പൃഥ്വിയായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമയിലേക്കെത്തിയ താരമാണ് ആസിഫ് അലി. മലയാള സിനിമയില്‍ 15 വര്‍ഷം പിന്നിടുന്ന ആസിഫ് മികച്ച സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. കരിയറിന്റെ തുടക്കത്തില്‍ ആസിഫ് ചെയ്ത ചില സിനിമകള്‍ പരാജയപ്പെട്ടിരുന്നു.

മറ്റ് നടന്മാര്‍ ചെയ്യേണ്ട സിനിമകളായിരുന്നു അതില്‍ പലതെന്നും അതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും ആസിഫ് പറഞ്ഞു.എ.കെ സാജന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ അസുരവിത്ത് എന്ന സിനിമ അത്തരത്തിലൊന്നാണെന്നും ആസിഫ് പറഞ്ഞു.

ആ സിനിമ ആദ്യം പൃഥ്വിരാജ് ചെയ്യേണ്ടതായിരുന്നെന്നും പൃഥ്വിയുടെ ഡേറ്റ് കിട്ടാത്തുകൊണ്ടാണ് ആ കഥ തന്റെയടുത്തേക്ക് വന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കരിയറിന്റെ തുടക്കകാലത്ത് ഞാന്‍ ചെയ്ത കുറച്ച് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ചിലത് എന്റെ സെലക്ഷന്‍ തന്നെയായിരുന്നു. പക്ഷേ മറ്റ് നടന്മാര്‍ വേണ്ടെന്ന് വെച്ച ചില സ്‌ക്രിപ്റ്റുകള്‍ തന്റെയടുത്തേക്ക് വന്നിരുന്നു. അത്തരത്തിലൊന്നായിരുന്നു അസുരവിത്ത്. ആ സിനിമ ആദ്യം ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജായിരുന്നു.

പക്ഷേ പൃഥ്വിയുടെ ഡേറ്റ് വിചാരിച്ച സമയത്ത് കിട്ടാത്തതുകൊണ്ട് പൃഥ്വിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. അങ്ങെനയാണ് ആ സിനിമ എന്റെയടുത്തേക്ക് വന്നത്. ആ സമയത്തെ എന്റെ പ്രായത്തിന് എടുത്താല്‍ പൊങ്ങാത്ത റോളായിരുന്നു ആ സിനിമയില്‍. അതൊക്കെ കൊണ്ടാണ് അസുരവിത്ത് പരാജയപ്പെട്ടത്,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali saying that Prithviraj was the first choice for Asuravithu movie

We use cookies to give you the best possible experience. Learn more