സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആദ്യത്തെ രണ്ട് സീസണില്‍ മോഹന്‍ലാല്‍ ടീമിന്റെ കൂടെ നിന്നതു പോലെ വേറൊരു സൂപ്പര്‍സ്റ്റാറും നില്‍ക്കില്ലെന്നും അദ്ദേഹത്തെ അതിന്റെ പേരില്‍ ട്രോളേണ്ട കാര്യമില്ലെന്നും ആസിഫ് അലി. താരത്തിന്റെ പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
സൂപ്പര്‍സ്റ്റാര്‍ഡം നോക്കാതെ ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്ന ഇന്ത്യയിലെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മാത്രമാണെന്നും ഒരു ഗെയിം മുഴുവന്‍ അദ്ദേഹം ഗ്രൗണ്ടില്‍ നിന്നുവെന്നും ആസിഫ് പറഞ്ഞു. മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയാല്‍ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് അവരുടെ ഫാന്‍സ് ധരിച്ചു വെച്ചിരിക്കുന്നതെന്നും എന്നാല്‍ റിയാലിറ്റിയില്‍ അങ്ങനെ നടക്കില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
‘സി.സി.എല്‍ കളിക്കാനിറങ്ങിയതില്‍ സൂപ്പര്‍സ്റ്റാര്‍ഡം ഉള്ള ഒരൊറ്റ നടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലാലേട്ടനാണ്. അദ്ദേഹം ഒരോവര്‍ ബൗള്‍ ചെയ്യുകയും, ഒരു കളിയില്‍ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്തു, ഫീല്‍ഡ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ഓടാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞായിരുന്നു ട്രോള്‍.
പക്ഷേ അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്യേണ്ട കാര്യമാണത്. സി.സി.എല്ലില്‍ ബാക്കി ടീമുകളില്‍ നിന്ന് എത്ര സൂപ്പര്‍സ്റ്റാറുകള്‍ വന്ന് കളിച്ചിട്ടുണ്ട്? ആരും അങ്ങനെ ചെയ്യാത്തത് അവരുടെ ഇമേജ് ബ്രേക്കാകാതെ ഇരിക്കാന്‍ വേണ്ടിയാണ്. ബാക്കി ഇന്‍ഡസ്ട്രിയിലുള്ള സൂപ്പര്‍സ്റ്റാറുകള്‍ ബാറ്റ് ചെയ്യാനിറങ്ങിയാല്‍ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് അവരുടെ ആരാധകര്‍ കരുതുന്നത്. പക്ഷേ റിയാലിറ്റി അങ്ങനെയല്ല എന്നതാണ് സത്യം. റിയല്‍ ലൈഫില്‍ അവര്‍ക്ക് ബാറ്റ് പോലും പിടിക്കാന്‍ അറിയില്ലായിരിക്കും.
പക്ഷേ നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ് അങ്ങനെയല്ല, ലാല്‍ സാര്‍ ഒരു ഗെയിം മുഴുവന്‍ ഗ്രൗണ്ടില്‍ നിന്ന് കളിച്ചു. ബാക്കിയുള്ള സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ ഇമേജ് ബ്രേക്കാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴാണ് ലാലേട്ടന്‍ അദ്ദേഹത്തിന്റെ ഇമേജ് ബ്രേക്ക് ചെയ്ത് അങ്ങനെ ഇറങ്ങിയത്. അതിനെ നമ്മള്‍ റെസ്‌പെക്ട് ചെയ്യുകയാണ് വേണ്ടത്,’ ആസിഫ് പറഞ്ഞു.
Content Highlight: Asif Ali saying that no other stars like Mohanlal won’t play in CCL