ആസിഫ് അലി നായകനായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ട രീതിയില്‍ ശോഭിച്ചില്ല. ആസിഫിനെക്കൂടാതെ ഭാവന, അജു വര്‍ഗീസ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. രോഹിത്തിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. ആസിഫിന്റെ പുതിയ ചിത്രമായ ടിക്കി ടാക്കയുടെ സംവിധായകനും രോഹിത് തന്നെയാണ്.
എന്നാല്‍ ആ സിനിമ തനിക്ക് പ്രിയപ്പെട്ടവയില്‍ ഒന്നാണെന്ന് പറയുകയാണ് ആസിഫ് അലി. ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ വരണമെന്ന് താന്‍ ആഗ്രഹിക്കാറുണ്ടെന്നും രോഹിത്തിനോട് ഇക്കാര്യം സംസാരിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു. തന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഈ സിനിമയുടെ സീക്വല്‍ വേണമെന്ന് ആഗ്രഹിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
‘തലവന്‍ സീക്വല്‍ ഉറപ്പായും ഉണ്ടാകും. പക്ഷേ അതിനെക്കാളേറെ സീക്വലോ പ്രീക്വലോ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന സിനിമയാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. എനിക്ക് അത്രയേറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ്. രോഹിതിനോട് സംസാരിക്കുമ്പോള്‍ മുഴുവന്‍ ഞാന്‍ അവനോട് ഇതിനെപ്പറ്റി സംസാരിക്കാറുണ്ട്.
ആദ്യ ഭാഗത്തിനെക്കാള്‍ എന്റെ പെര്‍ഫോമന്‍സ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ അതിന്റെ സീക്വലില്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കുറച്ചുകൂടെ റീച്ച് ആ കഥാപാത്രത്തിന് ഇതിലൂടെ കിട്ടും.അതുപോലെ ബി.ടെക്കിലെ ആനന്ദും, സണ്‍ഡേ ഹോളിഡേയിലെ അമലും, ഉയരെയിലെ ഗോവിന്ദും എല്ലാം എനിക്ക് ഫേവറിറ്റായിട്ടുള്ള കഥാപാത്രങ്ങളില്‍ ചിലതാണ്,’ ആസിഫ് അലി പറഞ്ഞു.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിസ് ജോയ് ചിത്രമായിരുന്നു തലവന്‍. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിച്ച തലവന്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.
Content Highlight: Asif Ali saying that he wish to do a sequel of Adventures Of Omanakuttan movie