നസ്‌ലെനെ മനസില്‍ ധ്യാനിച്ചാണ് ഞാന്‍ ഈ സിനിമയിലെ ഓരോ സീനും ചെയ്തത്: ആസിഫ് അലി
Entertainment
നസ്‌ലെനെ മനസില്‍ ധ്യാനിച്ചാണ് ഞാന്‍ ഈ സിനിമയിലെ ഓരോ സീനും ചെയ്തത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th July 2024, 7:51 pm

15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ അഭിനയജീവിതം ആരംഭിച്ച താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി. ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം അഡിയോസ് അമിഗോ റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ നഹാസ് നസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ ആസിഫിന്റെ ഗെറ്റപ്പും ഡയലോഗ് ഡെലിവറിയും ചര്‍ച്ചയായിരുന്നു. ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് അഡിയോസ് അമിഗോയിലേതെന്ന് ആസിഫ് പറഞ്ഞു. പറവൂര്‍ സ്ലാങ്ങിലാണ് ഈ സിനിമയില്‍ താന്‍ സംസാരിക്കുന്നതെന്ന് ആസിഫ് പറഞ്ഞു. ചിത്രത്തിലെ ഡയലോഗുകള്‍ക്കായി പറവൂരുള്ള ഒരാളുടെ സഹായം തേടിയിരുന്നെന്നും ആസിഫ് പറഞ്ഞു.

ഓരോ സീനിന് മുമ്പും താന്‍ നസ്‌ലെന്റെ ഏതെങ്കിലും വീഡിയോ കാണാറുണ്ടെന്ന് ആസിഫ് പറഞ്ഞു. മലയാളസിനിമയില്‍ പ്രോപ്പറായിട്ടുള്ള പറവൂര്‍ സ്ലാങ് സംസാരിക്കുന്നത് തന്റെ അറിവില്‍ നസ്‌ലെന്‍ മാത്രമാണെന്നും അവനെ മനസില്‍ ധ്യാനിച്ചാണ് ഓരോ സീനിലും ഡയലോഗ് പറഞ്ഞതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഇതുവരെ ചെയ്തിട്ടില്ലാത്ത ടൈപ്പ് ക്യാരക്ടറാണ് ഈ സിനിമയില്‍ ഞാന്‍ ചെയ്തിട്ടുള്ളത്. ഇത് ഞാനാണെന്ന് പലര്‍ക്കും ആദ്യം മനസിലായിരുന്നില്ല. അതുപോലെ ഈ സിനിമയില്‍ എനിക്ക് ഏറ്റവും കഷ്ടമായി തോന്നിയത് ഡയലോഗ് ഡെലിവറിക്കാണ്. പറവൂര്‍ സ്ലാങ്ങിലാണ് എന്റെ കഥാപാത്രം സംസാരിക്കുന്നത്. എറണാകുളം സ്ലാങ്ങില്‍ നിന്ന് കുറച്ച് ഡിഫറന്റായിട്ടാണ് പറവൂര്‍ സ്ലാങ്ങ്.

അതിനുവേണ്ടി ഒരാളുടെ സഹായമൊക്കെ ചോദിച്ചിട്ടാണ് ഡയലോഗ് എഴുതിയത്. ഡയലോഗ് എഴുതിത്തന്നാലും അത് പറയാനുള്ള ഒരു മീറ്റര്‍ ഉണ്ടാകുമല്ലോ. അതിന് വേണ്ടി എന്നെ സഹായിച്ചത് നസ്‌ലെനാണ്. മലയാളസിനിമയില്‍ പ്രോപ്പറായിട്ട് പറവൂര്‍ സ്ലാങ് സംസാരിക്കുന്നത് നസ്‌ലെന്‍ മാത്രമാണ്. ഓരോ സീനിന് മുമ്പും നസ്‌ലെന്റെ ഏതെങ്കിലും സീന്‍ കാണു്. അവനെ മനസില്‍ ധ്യാനിച്ചാണ് ഓരോ സീനും എടുത്തത്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali saying he took Naslen as reference for Adios Amigo movie