മലയാള സിനിമയിലെ യുവ നടന്മാരില് ഏറെ ആരാധകരുള്ള നടനാണ് ആസിഫ് അലി. തന്റെതായ സ്‌റ്റൈലില് അഭിനയ രംഗത്ത് തിളങ്ങി നില്ക്കുന്ന താരമാണ് ആസിഫ്. ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചെത്തിയ പുതിയ ചിത്രമാണ് തലവന്. ബൈസിക്കിള് തീവ്സ്, സണ്ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും, ഇന്നലെവരെ എന്ന സിനിമകള്ക്ക് ശേഷം ആസിഫ് അലി, ജിസ് ജോയ് കൂട്ടുകെട്ടില് വരുന്ന ചിത്രമാണ് തലവന്.
ജിസ് ജോയുമായി താന് ഒന്നിച്ചെത്തുന്ന ചിത്രമാണ് തലവന് എന്നും അദ്ദേഹത്തെ പരിചയപ്പെട്ട വിശേഷങ്ങള് പങ്കുവെക്കുകയാണ് ആസിഫ് അലി. ജിസ് ജോയ് എപ്പോഴും ഫീല്ഗുഡ് സിനിമകളാണ് തെരഞ്ഞെടുക്കാറെന്നും ഇന്നലെവരെ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് കണ്ടപ്പോള് താന് ആശ്ചര്യപ്പെട്ടെന്നും ആസിഫ് അലി മാതൃഭൂമി ദിനപത്രത്തിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.
‘ഞങ്ങളൊന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ബൈസിക്കിള് തീവ്സ്, സണ്ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും, ഇന്നലെവരെ തുടങ്ങി ജിസ് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും അതിഥിവേഷം ഉള്പ്പെടെ ഞാന് ചെയ്തിട്ടുണ്ട്. മലയാളസിനിമയുടെ ഭാഗമായ കാലം തൊട്ട് ജിസിനെ പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ബൈസിക്കിള് തീവ്സിന്റെ സ്‌ക്രിപ്റ്റ് നറേഷന് സമയത്താണ് വിശദമായി പരിചയപ്പെടുന്നത്.
ഒരുപാട് വഴിത്തിരിവുകളും സര്പ്രൈസുകളും നിറഞ്ഞൊരു സിനിമയായിരുന്നു അത്. ഞാന് ജിസിനെ കൂടുതല് അറിഞ്ഞത് ആ സിനിമയുടെ സെറ്റില്വെച്ചാണ്. അന്നൊക്കെ ജിസിനോട് തമാശയ്ക്ക് ചോദിക്കും, തന്നെപ്പോലെ ഇത്രയും മാന്യനും മര്യാദക്കാരനുമായ ഒരാള്ക്ക് എങ്ങനെയാണ് ഇങ്ങനെയൊരു ത്രില്ലറിലേക്ക് എത്തിച്ചേരാന് പറ്റിയതെന്ന്. ആ സിനിമയ്ക്കുശേഷം ഞങ്ങളുടെ സൗഹൃദം വളര്ന്നു.
സണ്ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്ണമിയും ചെയ്തപ്പോഴാണ് മലയാളത്തിലെ ഫീല്ഗുഡ് സിനിമകളുടെ ബ്രാന്ഡ് അംബാസഡറായി ജിസ് മാറുന്നത്. വയലന്സുള്ളതോ രക്തം ചിന്തുന്നതോ ആയ സിനിമകളൊന്നും ജിസ് കാണാന് തെരഞ്ഞെടുക്കാറില്ല. പക്ഷേ, ഇന്നലെവരെ എന്ന സിനിമയുടെ സ്‌ക്രിപ്റ്റുംകൊണ്ടു വന്നപ്പോള് ഞാന് ആശ്ചര്യപ്പെട്ടു. താന് ഫീല്ഗുഡ് സിനിമകള് മാത്രം ചെയ്യുന്നൊരു സംവിധായകനാവരുതെന്ന് ജിസിന് വാശിയുണ്ട്.
തിരുവനന്തപുരത്ത് മറ്റൊരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് തലവന്റെ കഥ പറയാനായി ജിസ് എന്റടുത്തേക്ക് വരുന്നത്. ഇതിന്റെ തിരക്കഥാകൃത്തുക്കളില് ഒരാള് പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ ഒരു സിനിമാറ്റിക് വേര്ഷനാണ് ‘തലവന്‘. ത്രസിപ്പിക്കുന്ന ഒരു ത്രില്ലര് സ്റ്റോറിക്കുവേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. കഥയുടെ ഓരോ ഘട്ടവും പുതുമയുള്ളതും ആവേശമുണ്ടാക്കുന്നതുമാണ്,’ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali saying he don’t want to see Jis Joy only in feel good movies