| Friday, 15th September 2023, 12:36 pm

'പ്രൊമോഷന്റെ ഭാഗമായി സ്വര്‍ണ്ണം കടത്താന്‍ പോയാലോ'യെന്ന് ആസിഫ് അലി; സ്വര്‍ണവുമായി താരങ്ങള്‍ പിടിയിലെന്നായിരിക്കും പുതിയ വാര്‍ത്തയെന്ന് താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെയായിരുന്നു നടന്മാരായ ലുക്മാന്‍ അവറാനും സണ്ണി വെയ്‌നും തമ്മിലുള്ള ഒരു അടിപിടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതിന് പിന്നാലെ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ആ വീഡിയോ തങ്ങള്‍ പുറത്തുവിട്ടതെന്ന് താരങ്ങളും അണിയറ പ്രവര്‍ത്തകരും അറിയിച്ചിരുന്നു.

ലുക്മാനും സണ്ണി വെയ്‌നും തമ്മില്‍ അടിപിടി കൂടുന്ന വീഡിയോ കണ്ടപ്പോള്‍ തനിക്ക് തോന്നിയ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.

സണ്ണിക്ക് എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ഭാര്യ സമ തന്നെ വിളിച്ചപ്പോഴാണ് താന്‍ ആ വീഡിയോ കണ്ടതെന്നും ക്യാമറ കണ്ടപ്പോള്‍ തന്നെ അതൊരു കുരുത്തക്കേടായിരിക്കുമെന്ന് തനിക്ക് തോന്നിയിരുന്നെന്നുമാണ് ആസിഫ് പറഞ്ഞത്.

ഒപ്പം കാസര്‍ഗോള്‍ഡ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സ്വര്‍ണം കടത്തുന്നതിനെ കുറിച്ച് ആലോചിച്ചാലോ എന്ന് ആസിഫ് അലി മൂവി വേള്‍ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തില്‍ തമാശ രൂപേണ ചോദിക്കുന്നുമുണ്ട്.

‘രാത്രി 12 മണിക്ക് സമ വിളിച്ചിട്ടാണ് എന്നോട് പറയുന്നത് സണ്ണിക്ക് എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്, ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നു എന്ന്. ആ വീഡിയോ എനിക്ക് അയച്ചു തന്നപ്പോള്‍ തന്നെ മനസ്സിലായി, അതില്‍ എന്തോ ഒരു കുരുത്തക്കേടുണ്ടെന്ന്. നമ്മള്‍ ഇടി ഉണ്ടാക്കുകയാണെങ്കില്‍ ആദ്യം ക്യാമറ മാറ്റാനാണ് പറയുക. ക്യാമറ കണ്ടപ്പോള്‍ തന്നെ എനിക്ക് ഉറപ്പായിരുന്നു അത് അങ്ങനെ എന്തെങ്കിലും കുരുത്തക്കേട് ആയിരിക്കുമെന്ന്,’ ആസിഫ് അലി പറഞ്ഞു.

ലുക്മാനുമായി താന്‍ അടിപിടി കൂടുന്ന വീഡിയോ പുറത്ത് വിട്ടത് താന്‍ കണ്ടില്ലെന്നായിരുന്നു ഇതോടെ സണ്ണി വെയ്ന്‍ പറഞ്ഞത്. പടത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിര്‍മാതാക്കളുടെ ആവശ്യ പ്രകരം അത് ഷൂട്ട് ചെയ്തിരുന്നെന്നും പക്ഷെ അത് പുറത്തു വിട്ടത് താന്‍ അറിഞ്ഞില്ലെന്നും താരം പറഞ്ഞു.

‘ഞാന്‍ അറിഞ്ഞിട്ടില്ല ആ വീഡിയോ പുറത്ത് വന്നത്. അങ്ങനെയൊരു പ്രൊമോഷന്‍ വീഡിയോ ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഷൂട്ട് ചെയ്ത പടമായിരുന്നു. അതിന് ഒരു പ്രമോഷന്‍ ആവശ്യമായിരുന്നു. അതിന് തെരഞ്ഞെടുത്ത രീതി ശരിയാണോ എന്ന് എനിക്കറിയില്ല,’ എന്ന് സണ്ണി വെയ്ന്‍ പറഞ്ഞപ്പോള്‍ ‘Any publicity is good publicity എന്ന് മറുപടി നല്‍കുകയായിരുന്നു ആസിഫ്.

നെഗറ്റീവ് ആണോ പോസ്റ്റിറ്റീവ് ആണോ എന്ന് ചോദിച്ചാല്‍ സിനിമയ്ക്ക് അത് പോസിറ്റീവ് ആണെന്നെ പറയാന്‍ പറ്റൂ. ഒന്നാമത് ഇത് ചെയ്യാന്‍ സമയമൊന്നുമില്ലായിരുന്നു. നിര്‍മാതാക്കള്‍ കൊച്ചിയില്‍ നിന്നും അവിടേക്ക് വന്നു. ചെറിയ സമയത്തിനുള്ളില്‍ എല്ലാവരെയും കോര്‍ഡിനേറ്റ് ചെയ്ത്, എല്ലാവരും കൂടെ രസമായിട്ട് ഒരു ഒറ്റ ഷോട്ടില്‍ എടുത്തതാണത്,’ സണ്ണി വെയ്ന്‍ പറഞ്ഞു.

ഇതിനിടെ പ്രമോഷന്റെ ഭാഗമായിട്ട് ഗോള്‍ഡ് കടത്താന്‍ പോയാലോ എന്ന് ആസിഫ് അലി തമാശരൂപേണ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ‘ആസിഫ് അലിയും സണ്ണി വെയ്നും സ്വര്‍ണവുമായി പിടിയില്‍ എന്നായിരിക്കും പിന്നീട് വാര്‍ത്തയെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ഇരുവരും.

Content Highlight:  Asif Ali said, ‘If you go to smuggle gold as part of promotion’; The stars say that the new news is that the stars will be caught with the gold

We use cookies to give you the best possible experience. Learn more