| Friday, 21st October 2022, 10:44 pm

റോഷാക്കിന്റെ കഥ മുഴുവനും കേട്ടിട്ട് ഏത് റോളാണ് ചെയ്യേണ്ടതെന്ന് ചോദിച്ചു, നിസാമിന്റെ മറുപടി വലിയ സര്‍പ്രൈസിങ്ങായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കിന്റെ കഥ കേട്ടപ്പോള്‍ മമ്മൂട്ടിയോട് റെസ്‌പെക്ട് തോന്നിയെന്ന് ആസിഫ് അലി. ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ തയാറായത് ഇക്കാലഘട്ടത്തിലും അദ്ദേഹം എത്രത്തോളം അപ്‌ഡേറ്റഡാണെന്ന് കാണിക്കുന്നതാണെന്നും കൂമന്‍ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് ആസിഫ് അലി പറഞ്ഞു.

‘മമ്മൂക്ക പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ, നിസാം ബഷീറും സമീറും ഒന്നിക്കുന്ന സിനിമ, ഇതില്‍ ഞാനൊരു വേഷം ചെയ്യണമെന്ന ആഗ്രഹവുമായാണ് ഇവര്‍ രണ്ട് പേരും എന്നെ കാണാന്‍ വരുന്നത്. ഈ സിനിമയുടെ ഫുള്‍ കഥയാണ് ആദ്യം എന്നോട് പറയുന്നത്.

അത് കേട്ടപ്പോള്‍ എനിക്ക് ഏറ്റവും ആദ്യം തോന്നിയ വികാരം മമ്മൂക്കയോട് ഒരു റെസ്‌പെക്ടാണ്. കാരണം റോഷാക്ക് എന്ന സിനിമ മമ്മൂക്ക ജഡ്ജ് ചെയ്തു, ആ സിനിമ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു, ആ സിനിമ നിര്‍മിച്ചു. ഈ കാലഘട്ടത്തിലും അദ്ദേഹം എത്ര അപ്‌ഡേറ്റഡാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആ സിനിമ ചെയ്യാന്‍ അദ്ദേഹം കാണിച്ച മനസ്.

ഈ കഥ മൊത്തം കേട്ടുകഴിഞ്ഞപ്പോള്‍ ഇതില്‍ ഏത് വേഷമാണ് ഞാന്‍ ചെയ്യേണ്ടതെന്ന് ചോദിച്ചു. ദിലീപെന്ന് പറഞ്ഞ വേഷമാണ്. ഫുള്‍ സ്‌ക്രിപ്റ്റ് നരേഷനില്‍ എവിടെയും ദിലീപിനെ മനസിലാവുന്നില്ല. ദിലീപ് ആരാണെന്നും കാണിക്കുന്നില്ല. ലൂക്കിന്റെ ഹാലൂസിനേഷനില്‍ വരുന്ന ഒരു കഥാപാത്രം മാത്രമാണ്.

എനിക്ക് ഭയങ്കര സര്‍പ്രൈസിങ്ങായിരുന്നു ഇത് കേട്ടപ്പോള്‍. പക്ഷേ നിസാമെന്ന് പറയുന്ന സുഹൃത്ത്, അതിനെക്കാളുപരി ഒരു സംവിധായകന്‍ എന്റെയടുത്ത് അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടുണ്ടെങ്കില്‍, ആ കഥാപാത്രത്തിന്റെ പ്ലേസ്‌മെന്റ് കൊണ്ട് ഒരു റീച്ച് കാണുന്നുണ്ട് എന്ന് മനസിലായതുകൊണ്ടാണ് ഞാന്‍ അത് ചെയ്യണമെന്ന് ആഗ്രഹിച്ചത്,’ ആസിഫലി പറഞ്ഞു.

നേരത്തെ ദുബായില്‍ വെച്ച് നടന്ന റോഷാക്ക് സക്‌സസ് മീറ്റിന് ശേഷം റോഷാക്കില്‍ അഭിനയിച്ചതിന് മമ്മൂട്ടി ആസിഫ് അലിയോട് നന്ദി പറഞ്ഞിരുന്നു. സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ആസിഫിനോട് സ്‌നേഹമാണുള്ളതെന്നും ആസിഫിന്റെ കണ്ണുകളാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: Asif Ali said he felt respect for Mammootty when he heard Rorschach’s story

We use cookies to give you the best possible experience. Learn more