| Wednesday, 14th August 2024, 1:56 pm

അഭിയും, ഗോവിന്ദും, പ്രിന്‍സും.. മൂന്ന് വ്യത്യസ്ത കാമുകന്മാര്‍... ഒരേയൊരു ആസിഫ്

അമര്‍നാഥ് എം.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ആസിഫ് പകര്‍ന്നാടി. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള ചുരുക്കം യുവനടന്മാരില്‍ ഒരാളാണ് ആസിഫ്. യുവാക്കളില്‍ പലര്‍ക്കും ആസിഫിന്റെ കഥാപാത്രവുമായി പെട്ടെന്ന് കണക്ടാകുന്നതും അക്കാരണം കൊണ്ടുതന്നെ. ആസിഫിന്റെ കരിയറിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളാണ് അനുരാഗകരിക്കിന്‍ വെള്ളത്തിലെ അഭി, ഉയരെയിലെ ഗോവിന്ദ്, അഡിയോസ് അമിഗോയിലെ പ്രിന്‍സ്.

ഈ മൂന്ന് കഥാപാത്രങ്ങളും തങ്ങളുടെ പ്രണയത്തില്‍ നിന്ന് പിന്മാറുന്നത് വ്യത്യസ്ത രീതിയിലാണ്. ഓരോ സിനിമയിലും ആസിഫിന്റെ ബോഡി ലാംഗ്വേജും മാനിറിസവും എല്ലാം വ്യത്യസ്തമാണ്. മറ്റ് യുവനടന്മാരില്‍ നിന്ന് ആസിഫിനെ വേറിട്ടുനിര്‍ത്തുന്നതും ആ കാരണമാണ്. കണ്ണുകളിലൂടെ ഇമോഷന്‍ കണ്‍വേ ചെയ്യാനുള്ള ആസിഫിന്റെ കഴിവ് ഈ മൂന്ന് സിനിമയിലും വ്യക്തമായി കാണാന്‍ കഴിയും.

പ്രണയത്തില്‍ അത്ര സിന്‍സിയറല്ലാത്ത അഭി തന്റെ കാമുകിയില്‍ നിന്ന് മനഃപൂര്‍വം പിരിയുകയാണ്. എന്നാല്‍ അവള്‍ തന്നെ വിട്ട് പോയതിന് ശേഷമാണ് അവള്‍ എത്രമാത്രം തന്റെ ജീവിതത്തില്‍ പ്രധാനമാണെന്ന് തിരിച്ചറിയുന്നത്. ഇരുവരും തമ്മില്‍ എന്നന്നേക്കുമായി പിരിയുന്ന സീനില്‍ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടി നില്‍ക്കുന്ന അഭിയെ വളരെ മനോഹരമായി ആസിഫ് അവതരിപ്പിച്ചിട്ടുണ്ട്.

നെഗറ്റീവ് കഥാപാത്രങ്ങള്‍ അധികം ചെയ്യാത്ത ആസിഫിന്റെ ഏറ്റവും മികച്ച നെഗറ്റീവ് കഥാപാത്രമാണ് ഉയരെയിലെ ഗോവിന്ദ്. തന്റെ കാമുകി താന്‍ പറയുന്നതുപോലെ മാത്രം നടക്കണമെന്ന് വാശി പിടിക്കുന്ന ടോക്‌സിക് കാമുകന്മാരുടെ പ്രതിനിധിയാണ് ഗോവിന്ദ്. തിരിച്ചറിവ് വന്ന പല്ലവി ഗോവിന്ദിനോട് തന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നത് അയാള്‍ക്ക് സഹിക്കാനാകുന്നില്ല.

തന്റെ ദേഷ്യം അയാള്‍ തീര്‍ക്കുന്നത് കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുകൊണ്ടാണ്. താന്‍ ചെയ്ത കുറ്റത്തില്‍ തരിമ്പും കുറ്റബോധം ഗോവിന്ദിന് തോന്നുന്നില്ല. ഇന്നും സമൂഹത്തില്‍ യഥേഷ്ടം വിഹരിക്കുന്ന ടോക്‌സിക് കാമുകന്മാരില്‍ ഒരാളായി ആസിഫ് ജീവിക്കുകയായിരുന്നു.

ഒരപകടത്തിലൂടെ തന്നില്‍ നിന്ന് അകന്നുപോയ കാമുകിയുടെ ഓര്‍മയില്‍ ജീവിക്കുന്ന കഥാപാത്രമാണ് അഡിയോസ് അമിഗോയിലെ പ്രിന്‍സ്. ചുറ്റിലും തന്നെ സ്‌നേഹിക്കുന്നവരുണ്ട് എന്ന് തിരിച്ചറിയാതെ നടക്കുന്നയാളാണ് പ്രിന്‍സ്. സദാസമയവും മദ്യപിച്ച് നടക്കുന്ന പ്രിന്‍സ് തന്റെ മുന്‍ കാമുകി ഹേമയോട് സംസാരിക്കാന്‍ പലതവണ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ ബോധത്തോടെ ഹേമയോട് സംസാരിക്കുന്ന സീനില്‍ അവള്‍ ഹാപ്പിയാണോ എന്ന ചോദിക്കുന്ന സീന്‍ അതിമനോഹരമായാണ് ആസിഫ് ചെയ്തുവെച്ചത്.

മൂന്ന് തരത്തിലുള്ള കാമുക കഥാപാത്രങ്ങളെ മുമ്പ് ചെയ്തുവെച്ചതിന്റെ യാതൊരു ഷേഡുമില്ലാതെ അവതരിപ്പിക്കാന്‍ ആസിഫിന് സാധിച്ചിട്ടുണ്ട്. നമ്മള്‍ ചുറ്റിലും കാണുന്നവരില്‍ അഭിയും ഗോവിന്ദും, പ്രിന്‍സുമെല്ലാം ഉണ്ടാകും. അവരെ അതേപടി സ്‌ക്രീനില്‍ പകര്‍ന്നാടുന്ന ആസിഫിന്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

Content Highlight: Asif Ali’s three different lover characters

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more