മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ചിത്രത്തിൽ അർജുൻ അശോകനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ അർജുൻ അശോകന് പകരം ആസിഫ് അലിയെ ആയിരുന്നു കാസ്റ്റ് ചെയ്തത്. ഭ്രമയുഗത്തിൽ എന്തുകൊണ്ട് അഭിനയിച്ചില്ല എന്ന ചോദ്യത്തിന്റെ ആസിഫ് അലിയുടെ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഭ്രമയുഗം റിജെക്ട് ചെയ്തതാണോ എന്ന ചോദ്യത്തിന് താൻ ചെയ്തിട്ടില്ല എന്നായിരുന്നു ആസിഫിന്റെ മറുപടി.
ഭ്രമയുഗം പ്ലാൻ ചെയ്തതിനേക്കാൾ മുമ്പേ വന്നെന്നും അപ്പോൾ താൻ വേറൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നെന്നും ആസിഫ് പറഞ്ഞു. താൻ അത്രയും പ്രതീക്ഷിച്ച് ആഗ്രഹിച്ച് ചെയ്യണമെന്ന് കരുതിയ സിനിമയാണെന്നും അത് അർജുൻ അശോകന്റെ അടുത്തേക്ക് പോയതിൽ സന്തോഷമുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു.
‘അത് ഞാൻ റിജെക്ട് ചെയ്തത് അല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണ്. കാരണം മമ്മൂക്ക ഒരു സിനിമയ്ക്ക് വേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയാണ്. പക്ഷേ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് എനിക്കാ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്.
ആ ക്യാരക്ടർ മമ്മൂക്ക ചെയ്യാൻ സമ്മതിച്ചു എന്നത് സിനിമയോട് അദ്ദേഹം എത്രത്തോളം ഉത്സാഹിയാണെന്ന് എനിക്ക് മനസ്സിലായി. ആ സിനിമ ജഡ്ജ് ചെയ്ത്, മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം. അദ്ദേഹം കാണിച്ചു എന്നുള്ളത് നമുക്ക് ഭയങ്കര ഇൻസ്പെയറിങ് ആണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്.
ഈ സിനിമയെ കുറിച്ച് മുഴുവൻ കേൾക്കുകയും കൃത്യമായി വായിക്കുകയും ചെയ്തു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം. മമ്മൂക്കയുടെ ഏറ്റവും നല്ല പെർഫോമൻസിൽ ഒന്നായിരിക്കും. അർജുൻ അശോകന്റെയും വളരെ ഇന്ട്രെസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമായിരിക്കും. ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ കൂടിയാണത്. അത് അർജുന്റെ അടുത്തേക്ക് പോയതിൽ ഒരുപാട് സന്തോഷമുണ്ട്. അർജുന്റെ നെക്സ്റ്റ് ലെവലാണ് ഈ സിനിമയോടു കൂടി കാണാൻ പോകുന്നത്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif ali’s replay about bramayugam rejection