| Saturday, 29th October 2022, 7:52 pm

ഈ വര്‍ഷത്തെ അണ്ടര്‍റേറ്റഡ് പെര്‍ഫോമന്‍സ്; കൊത്തിലെ ആസിഫ് അലിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി കേന്ദ്രകഥാപാത്രമായ കൊത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് തിയേറ്ററുകളിലെത്തിയത്. ഒക്ടോബര്‍ 28ന് കൊത്ത് നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു.

കൊത്ത് ഒ.ടി.ടിയിലെത്തിയതോടെ ആസിഫ് അലിയുടെ പെര്‍ഫോമന്‍സിനെ പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഷാനവാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആസിഫ് അവതരിപ്പിച്ചത്. ചെറുപ്പത്തില്‍ അനാഥനായ ഷാനുവിനെ പാര്‍ട്ടിയാണ് വളര്‍ത്തിയത്. പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവനാണ് ഷാനു.

എന്നാല്‍ വിവാഹം കഴിച്ച് ഒരു കുടുംബമാവുന്നതോടെ ഷാനുവിന്റെ ജീവിതമാകെ മാറിമറിയുകയാണ്. അയാളുടെ സമാധാനം നഷ്ടമാവുന്നു. താന്‍ ഇല്ലാതായാല്‍ ഭാര്യക്കും കുഞ്ഞിനും ആരുണ്ടാകുമെന്ന ചിന്ത അയാളുടെ ഉറക്കം കളയുന്നു. തുടര്‍ന്ന് ഷാനുവിന് വരുന്ന മാറ്റങ്ങളിലൂടെയാണ് കഥ മുമ്പോട്ട് പോകുന്നത്.

ഷാനുവായി ആസിഫ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നു. ഈ വര്‍ഷത്തെ ഏറ്റവും അണ്ടര്‍റേറ്റഡായ പ്രകടനമാണ് കൊത്തിലെ ആസിഫിന്റേതെന്നും ചില കമന്റുകളുണ്ട്. ചെയ്യുന്ന സിനിമകള്‍ കാര്യമായ വിജയം നേടുന്നില്ലെങ്കില്‍ പോലും ആസിഫിലെ നടന് ഒരു കുറവും വന്നിട്ടില്ലെന്നും ഓരോ ചിത്രം കഴിയുമ്പോഴും അയാള്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

നിഖില വിമല്‍ നായികയായ കൊത്തില്‍ റോഷന്‍ മാത്യു, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍, ശ്രീജിത്ത് രവി, വിജിലേഷ്, ശിവന്‍ സോപാനം, അതുല്‍ രാംകുമാര്‍, ദിനേശ് ആലപ്പി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Asif Ali’s performance is being discussed on social media now that Kotthu has released at ott

We use cookies to give you the best possible experience. Learn more