| Sunday, 11th August 2024, 3:52 pm

ഫ്‌ളാഷ്ബാക്ക് കാണിക്കുന്നില്ല, പക്ഷേ നിങ്ങടെ ഡയലോഗ് കരയിപ്പിച്ചു ബോസേ

അമര്‍നാഥ് എം.

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അഡിയോസ് അമിഗോ. ട്രെയ്‌ലറും ടീസറുമെല്ലാം കോമഡി ചിത്രത്തിന്റെ സൂചനയാണ് തന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഫീല്‍ഗുഡ് സിനിമയാണ് സംവിധായകന്‍ നഹാസ് നാസര്‍ സമ്മാനിച്ചത്. സമൂഹത്തിലെ രണ്ട് ധ്രുവങ്ങളിലുള്ള രണ്ട് അപരിചിതര്‍ പരിചയത്തിലാകുന്ന കഥയാണ് അഡിയോസ് അമിഗോ പറയുന്നത്.

ആസിഫ് അലി എന്ന നടന്‍ തന്നിലെ പെര്‍ഫോമറെ തേച്ചുമിനുക്കിയെടുക്കുന്നത് അഡിയോസ് അമിഗോയിലും കാണാന്‍ സാധിച്ചു. മുമ്പ് ഇറങ്ങിയ തലവനിലെയും, ലെവല്‍ക്രോസിലെയും കഥാപാത്രങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത പ്രിന്‍സ് എന്ന കഥാപാത്രം ആസിഫ് മികച്ചതാക്കി. കൈയില്‍ ഒരുപാട് പൈസയുള്ള എല്ലാവരെയും സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് പ്രിന്‍സ്.

പലര്‍ക്കും ശല്യമായി തോന്നുമെങ്കിലും ഉള്ളില്‍ ഒരുപാട് നന്മയുള്ള, പഴയകാലത്തെ ഓര്‍മകളില്‍ നിന്ന് മോചനം നേടാനഗ്രഹിക്കുന്ന പ്രിന്‍സിനെ ആസിഫ് ഗംഭീരമാക്കി. സിനിമയുടെ ഇന്റര്‍വെലിനോടടുക്കുമ്പോള്‍ താന്‍ നേരിടേണ്ടി വന്ന അപകടത്തെപ്പറ്റി പ്രിന്‍സ് കാഷ്വലായി സംസാരിക്കുന്ന സീന്‍ ഗംഭീരമായിരുന്നു. കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ടാണ് ആസിഫ് ആ സീന്‍ ചെയ്തത്.

രണ്ടാം പകുതിയില്‍ അനഘയുടെ കഥാപാത്രവുമായി സംസാരിക്കുന്ന സീനിലും ആസിഫ് തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ചു. ഏറെക്കുറെ അതുപോലൊരു സീന്‍ ആസിഫ് അനുരാഗകരിക്കിന്‍ വെള്ളത്തിലും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന്റെ യാതൊരു ഷേഡുമില്ലാതെ ആസിഫ് അഡിയോസ് അമിഗോയിലെ സീന്‍ ചെയ്തത്. ചിരിച്ചുകൊണ്ട് തുടങ്ങി ഡയലോഗിനൊടുവില്‍ വരുന്ന വിങ്ങല്‍ അതിഗംഭീരമായിരുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പില്‍ വ്യത്യസ്തമായ സ്ലാങ്ങില്‍ ഒരു കഥാപാത്രത്തെ പ്രസന്റ് ചെയ്യുക എന്നത് സ്വല്പം കുഴപ്പം പിടിച്ച ടാസ്‌കാണ്. എന്നാല്‍ ആസിഫ് ആ ചുമതല അനായാസം ചെയ്തുവെച്ചിട്ടുണ്ട്. തലവനിലെ കാര്‍ത്തിക്കും, ലെവല്‍ക്രോസിലെ രഘുവും ഏറ്റവുമൊടുവില്‍ അഡിയോസ് അമിഗോയിലെ പ്രിന്‍സും അയാളിലെ നടനെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നവയാണ്.

Content Highlight: Asif Ali’s perfomance in Adios Amigo movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more