'ഹോ എന്തൊരു മനുഷ്യനാണ് ഇയാള്‍' ട്രെയ്‌ലറിലൂടെ ശ്രദ്ധനേടി ആസിഫ് അലി
Cinema
'ഹോ എന്തൊരു മനുഷ്യനാണ് ഇയാള്‍' ട്രെയ്‌ലറിലൂടെ ശ്രദ്ധനേടി ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th July 2024, 9:35 pm

ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലെവല്‍ ക്രോസ്’. ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു മിനിട്ടും 45 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവന്നത്. മികച്ച ഒരു അനുഭവം തന്നെയാണ് ഇത് നല്‍കുന്നത്. പലരും വീഡിയോയുടെ കമന്റ് ബോക്‌സില്‍ ആസിഫ് അലിയെ കുറിച്ചാണ് പറയുന്നത്. ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്.

ആസിഫിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം ‘തലവന്‍’ തീയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. കാഴ്ചയില്‍ വേറിട്ട് നില്‍ക്കുന്ന കഥാപാത്രമായതിനാല്‍ ഈ സിനിമക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ലെവല്‍ ക്രോസ്’. കാഴ്ചയില്‍ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റേതായി ഇറങ്ങിയ ട്രെയ്‌ലര്‍ നല്‍കുന്നത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയിലും ലെവല്‍ ക്രോസിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവല്‍ ക്രോസ് ഒരുങ്ങിയിരിക്കുന്നത്. ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്.

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്റ്റ് മൂവിയായ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘റാം’ന്റെ നിര്‍മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമലപോള്‍, ഷറഫുദ്ധീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

Content Highlight: Asif Ali’s Level Cross Movie Trailer Out Now