| Monday, 13th May 2024, 3:11 pm

ഒരിക്കലും കേരളത്തില്‍ നടക്കാത്ത കഥ; മേക്കോവറുമായി ആസിഫ് അലി; ഓഡിയോ ലോഞ്ച്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിഷേക് ഫിലിംസിന്റെ ആദ്യ മലയാള ചിത്രവും സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായി എത്തുന്ന ചിത്രവുമായ ലെവല്‍ ക്രോസിന്റെ ഓഡിയോ ലോഞ്ച് നടന്നു.

ജീത്തു ജോസഫ്, സംവിധായകന്‍ അര്‍ഫാസ് അയൂബ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഓഡിയോ സി.ഡി ഇന്ദ്രന്‍സിന് കൈമാറി ലോഞ്ച് നിര്‍വഹിച്ചു. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കി വിനായക് ശശികുമാര്‍ വരികള്‍ എഴുതി, ദേവു മാത്യു പാടിയ ‘പയ്യെ പയ്യെ’ എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തത്.


മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് പടമായ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘റാം’ ചിത്രത്തിന്റെ നിര്‍മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഇത് ഒരിക്കലും കേരളത്തില്‍ നടക്കാത്ത കഥയാണ്. അങ്ങനെ അന്വേഷിച്ചാണ് ഞങ്ങള്‍ ടുണീഷ്യയില്‍ എത്തിയത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രമാണ് ഇത്,’ സംവിധായകന്‍ വേദിയില്‍ പറഞ്ഞു.

ചിത്രത്തിന്റെ രണ്ടാമത്തെ മോഷന്‍ പോസ്റ്ററും വേദിയില്‍ റിലീസ് ചെയ്തു. ലെവല്‍ ക്രോസില്‍ നായകനായ ആസിഫ് അലി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് എത്തുന്നത്.

‘സാധാരണ റിലീസിന് മുമ്പേ എന്തുപറഞ്ഞാലും അത് തിരിച്ചടി ആകാറുണ്ട്. എന്നാല്‍ ഇതിലെനിക്ക് ഒരുപാട് വിശ്വാസമുണ്ട്. ഇതുവരെ ചെയ്യാത്ത ഒരു റോളാണ് ഇത്. പിന്നെ നല്ല സിനിമകള്‍ ചെയ്താലാണല്ലോ കയ്യടികള്‍ ലഭിക്കുക. അടുത്ത തവണ ഇതിലും കൂടുതല്‍ കയ്യടികള്‍ ലഭിക്കട്ടെ,’ ആസിഫ് അലി ഹാസ്യരൂപത്തില്‍ പറഞ്ഞു.

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് അമല പോളാണ്.

ആടുജീവിതത്തിന്റെ വിജയത്തിന് ശേഷം വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം ലഭിക്കാന്‍ പോകുന്ന ഒരു കഥാപാത്രമാണ് ഈ സിനിമയിലേതെന്നും ഒരുപാട് സന്തോഷത്തോടെ നില്‍ക്കുന്ന ഈ വേളയില്‍ ലെവല്‍ ക്രോസിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമാകാനും എല്ലാവരെയും കാണാനും സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും നായികയായ അമല പോള്‍ വേദിയില്‍ പറഞ്ഞു. മികച്ച ത്രില്ലര്‍ ചിത്രമാണ് ലെവല്‍ ക്രോസില്‍ ആസിഫ് അലിക്കും അമല പോളിനും പുറമെ ഷറഫുദീനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വേദിയില്‍ മൂവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകളും റിലീസ് ചെയ്തു.

‘ഇന്ത്യ വിട്ടുള്ള എന്റെ ആദ്യത്തെ അനുഭവമാണിത്. ഇതെക്കുറിച്ച് കൂടുതല്‍ പറയണമെന്നുണ്ട്. എന്നാല്‍ കഥാപാത്രത്തെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും പറയരുതെന്ന് പറഞ്ഞതിനാല്‍ ഇതൊരു നല്ല ത്രില്ലര്‍ സിനിമയാണെന്ന് മാത്രം പറയുന്നു,’ ഷറഫുദീന്‍ കൂട്ടിച്ചേര്‍ത്തു.

അമല പോള്‍, ആസിഫ് അലി, ജീത്തു ജോസഫ്, ഷറഫുദ്ദീന്‍, നിര്‍മാതാവ് രമേശ് പി. പിള്ള ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ള മറ്റു പ്രമുഖരും ലോഞ്ചില്‍ പങ്കെടുത്തു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയുണ്ട്. ജെല്ലിക്കെട്ട് ചുരുളി, നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍.

ഛായാഗ്രാഹണം; അപ്പു പ്രഭാകര്‍. സംഭാഷണം; ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍; ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം; ലിന്റ്‌റ ജീത്തു. മേക്കപ്പ്; റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍; പ്രേം നവാസ്. പി.ആര്‍.ഒ; മഞ്ജു ഗോപിനാഥ്.

Content Highlight: Asif Ali’s Level Cross Movie Audio Launch

We use cookies to give you the best possible experience. Learn more