Cinema
'ഇനി സ്വല്‍പ്പം കോമഡിയാകാം' ത്രില്ലറില്‍ നിന്ന് ട്രാക്ക് മാറ്റി ആഭ്യന്തര കുറ്റവാളിയായി ആസിഫ്; ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 28, 01:22 pm
Friday, 28th February 2025, 6:52 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ഒരുകാലത്ത് തുടര്‍പരാജയങ്ങള്‍ മാത്രം നേരിട്ട ആസിഫ് ഇപ്പോള്‍ വിജയങ്ങളുടെ ട്രാക്കില്‍ കയറിയ കാഴ്ചയാണ് കാണാനാകുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത തലവനാണ് ആസിഫിന് ഗംഭീര തിരിച്ചുവരവൊരുക്കിയത്.

പിന്നാലെ വന്ന ലെവല്‍ക്രോസ്, അഡിയോസ് അമിഗോ എന്നീ സിനിമകളിലും ആസിഫ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ കിഷ്‌കിന്ധാ കാണ്ഡവും ഗംഭീരവിജയം സ്വന്തമാക്കിയിരുന്നു.

ഈ വര്‍ഷം ആസിഫ് അലിയുടെ ആദ്യ തിയേറ്റര്‍ റിലീസായ രേഖാചിത്രവും വന്‍ വിജയമായിരുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമായി മാറിയത് രേഖാചിത്രമായിരുന്നു.

ഇപ്പോള്‍ ആസിഫ് അലിയുടെ അടുത്ത ചിത്രത്തിന്റെ ടീസറുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ ടീസറാണ് പുറത്തുവിട്ടത്.


55 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ടീസറാണിത്. ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന് ആസിഫ് കോമഡിയിലേക്ക് വീണ്ടും ട്രാക്ക് മാറ്റുകയാണോ എന്നാണ് പലരും ടീസറിന് താഴെ കമന്റിടുന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മിക്കുന്നത്.

റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടൈനര്‍ ഴോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്. പുതുമുഖ നടിയായ തുളസിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആസിഫ് അലിക്ക് പുറമെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജ ദാസ് എന്നിവരാണ് ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

Content Highlight: Asif Ali’s Abhyanthara Kuttavali Movie Teaser Out