| Saturday, 6th May 2023, 4:06 pm

താഴെ വെള്ളമാണ്, അഞ്ച് വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിലേക്ക് തരുമ്പോള്‍ ആ അമ്മയുടെ മുഖത്തെ പേടി ഞാന്‍ കണ്ടു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസ്ഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമ പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണ വേളയില്‍ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി സിനിമയുടെ ചിത്രീകരണ വേളയില്‍ അനുഭവിച്ച വെല്ലുവിളികളെ കുറിച്ച് പറഞ്ഞത്.

ഒരുപാട് ആളുകള്‍ ഈ സിനിമക്ക് തങ്ങളേക്കാളേറെ ബുദ്ധിമുട്ട് അനുഭവിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ആസിഫ് അലി പറഞ്ഞു. സിനിമയിലെ പല സീനുകളും ഒറിജിനലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നും ആസിഫ് പറയുന്നു.

‘ ഒരുപാട് ആളുകള്‍ നമ്മളെ കൂടാതെ ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സീനുകളിലൊക്കെ ബാക്ക്‌ഡ്രോപ്പില്‍ പ്രവര്‍ത്തിച്ച നിരവധി പേരുണ്ട്. അഞ്ച് വയസ്സുള്ളൊരു കുട്ടിയെ രക്ഷിക്കുന്ന സ്വീക്വന്‍സില്‍ ആ കുട്ടി മഴ നനയുന്നുണ്ട്. ആ കുഞ്ഞിനെ മഴ നനയിക്കണമെന്ന് നമുക്ക് തീരെ ആഗ്രഹമില്ലെങ്കിലും വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ആ കുഞ്ഞിന്റെ ഉറക്കം കളയണമെന്നും നമുക്ക് ആഗ്രമഹമുണ്ടാകില്ലല്ലോ. കുഞ്ഞ് കരയാതെ നോക്കുകയും വേണം. പക്ഷെ അതൊന്നും സാധിക്കുന്നില്ല. കുഞ്ഞിനെ മഴയത്ത് തന്നെ കൊണ്ടുപോകണം. അത്രയും ഒറിജിനലായിട്ടാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്.

ഫസ്റ്റ് ഫ്‌ളോര്‍ വരെ വെള്ളം കയറിയ ഒരു വീടിന്റെ ടെറസില്‍ ഞാന്‍ ബോട്ടുമായി വന്നു നിന്നു. കുഞ്ഞിന്റെ അച്ഛനും അമ്മയും തന്നെയാണ് ആ സീനില്‍ അഭിനയിച്ചത്. അഞ്ച് വയസ്സായ കുഞ്ഞ് മാറ്റാരുടെയും കയ്യില്‍ പോകില്ലായിരുന്നു. അച്ഛനും അമ്മയും കുഞ്ഞിനെ എന്റെ കയ്യിലേക്ക് തരുമ്പോള്‍ യഥാര്‍ത്ഥ പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുമ്പോഴുള്ള പേടി ഞാന്‍ കണ്ടു. കാരണം താഴെ വെള്ളമാണ്, സിനിമയുടെ ഷൂട്ടിങ്ങാണ്, എന്റെ കയ്യലേക്കാണ് തരുന്നത്, ഞാന്‍ എത്രത്തോളം ആത്മാര്‍ത്ഥമായി കുഞ്ഞിനെ നോക്കുമെന്ന് അവര്‍ക്ക് അറിയില്ലല്ലോ, ആ അമ്മയുടെ മുഖത്തെ പേടി ഞാന്‍ ശരിക്കും കണ്ടു’ ആസിഫ് അലി പറഞ്ഞു.

CONTEN HIGHLIGHTS; Asif Ali recounts his experiences during the shooting of the 2018 film

We use cookies to give you the best possible experience. Learn more