കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി നേരിടുന്ന സൈബര്‍ അറ്റാക്കില്‍ ആസിഫ് അലി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താന്‍ കഴിയാത്ത ചിലരാണ് ഇതിന്റെ പിന്നിലെന്നും മമ്മൂട്ടിയെപ്പോലൊരു മഹാനടന്‍ ഇതൊന്നും ഒരു കാലത്തും സീരിയസായി എടുക്കില്ലെന്നും ആസിഫ് അലി പറഞ്ഞു. തന്റെ പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
വര്‍ഷങ്ങളായി എല്ലാവര്‍ക്കും അറിയാവുന്ന മമ്മൂട്ടിയെപ്പോലൊരു നടന് നേര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യുന്നത് മോശമായിട്ടുള്ള കാര്യമാണെന്നും ഇതൊക്കെ ചെയ്തവര്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്നും ആസിഫ് അലി പറഞ്ഞു. മമ്മൂട്ടി ഇതൊന്നും കാര്യമായി എടുക്കാതെ ഇരിക്കുന്നത് പോലെ നമ്മളും ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാല്‍ അവര്‍ ഉദ്ദേശിച്ചത് നടക്കില്ലെന്നും ആസിഫ് പറഞ്ഞു.
‘ചിലരൊക്കെ എന്തൊക്കെയോ ഉദ്ദേശം മനസില്‍ വെച്ചുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ വല്ലാതെ വളര്‍ന്ന് നില്‍ക്കുന്ന ഈ കാലത്ത് പലരും അദ്ദേഹത്തെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ് ചെയ്യുന്നത്. സ്വന്തം ഐഡന്റിറ്റി പോലും പുറത്തു കാണിക്കാന്‍ ധൈര്യമില്ലാത്തവരാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ നില്ക്കുന്നത്.
എത്രയോ കാലങ്ങളായി സിനിമ മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതം. അതിനപ്പുറത്തേക്ക് അദ്ദേഹത്തിന് ഒന്നുമില്ല. ഇവര്‍ ഈ പറയുന്നതിനെ മമ്മൂക്ക ഒരിക്കലും കാര്യമായി എടുക്കില്ല. അദ്ദേഹത്തിനറിയാം ഇതൊന്നും കാര്യമായി എടുക്കേണ്ടതില്ല എന്ന്. അതുകൊണ്ടാണ് മമ്മൂക്ക ഇതിനോട് ഇതുവരെ പ്രതികരിക്കാത്തത്. ഇതൊന്നും ഒന്നുമല്ല എന്ന രീതിയില്‍ അദ്ദേഹം ഡീല്‍ ചെയ്യുന്നത് പോലെ നമ്മളും ഡീല്‍ ചെയ്താല്‍ മതി. അല്ലാതെ ഇതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ല,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali reacts to the cyber attack towards Mammootty