'ഇന്നലെ വരെ' ട്രെയ്‌ലര്‍; പുഴുവിന് ശേഷം സോണി ലിവിലെത്തുന്ന മലയാള ചിത്രം
Film News
'ഇന്നലെ വരെ' ട്രെയ്‌ലര്‍; പുഴുവിന് ശേഷം സോണി ലിവിലെത്തുന്ന മലയാള ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th May 2022, 1:32 pm

ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇന്നലെ വരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സിനിമാ താരമായാണ് ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഒരു സിനിമാ താരത്തിന്റെ ജീവിതത്തിലുണ്ടാവുന്ന സംഘര്‍ഷങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയുമുള്ള നിമിഷങ്ങളാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. പുഴുവിന് ശേഷം സോണി ലിവിലെത്തുന്ന മലയാള ചിത്രം കൂടിയാണ് ഇന്നലെ വരെ. ബോബി, സഞ്ജയ് എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മാത്യു ജോര്‍ജാണ് നിര്‍മ്മാണം.

ഒരിടവേളക്ക് ശേഷമാണ് ജിസ് ജോയ് വീണ്ടും സംവിധായകനാവുന്നത്. മോഹന്‍കുമാര്‍ ഫാന്‍സാണ് ഒടുവില്‍ ജിസ് ജോയിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. മാത്യു ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാഹുല്‍ രമേഷാണ്. രതീഷ് രാജാണ് എഡിറ്റിങ്. മോഹന്‍കുമാര്‍ ഫാന്‍സിന് ശേഷം ജിസ് ജോയിയും ബോബി – സഞ്ജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇന്നലെ വരെയ്ക്കുണ്ട്.

അതേസമയം ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, ഷെന്തിള്‍ കുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമന്‍’ ആണ് ആസിഫ് അലിയുടെ മറ്റൊരു പുതിയ ചിത്രം.

അജഗജാന്തം എന്ന ചിത്രമാണ് ആന്റണി വര്‍ഗീസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയയത്. ടിനു പാപ്പച്ചന്‍ ആണ് സംവിധാനം നിര്‍വഹിച്ചത്. ഒരു ഉത്സവപ്പറമ്പില്‍ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങളും സംഘട്ടന രംഗങ്ങളുമൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

Content Highlight: Asif Ali, Nimisha Sajayan and Anthony Varghese staring innale vare trailer