| Friday, 1st November 2019, 8:29 pm

Movie Review; അണ്ടര്‍ വേള്‍ഡ് - വേട്ടയും വേട്ടയാടപെടലും...

ശംഭു ദേവ്

അരുണ്‍ കുമാര്‍ അരവിന്ദിന്റെ ചിത്രങ്ങള്‍ പ്രമേയങ്ങളില്‍ നിലവാരം പുലര്‍ത്തുന്നവയായിരുന്നു. കോക്ക് ടെയില്‍ മുതല്‍ കാറ്റ് വരെ ഒരു സംവിധായകനും എഡിറ്ററുമായി തന്റെ ചിത്രത്തിന്റെ ബോധ്യത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുവാന്‍ പല ചിത്രങ്ങളിലും അദ്ദേഹത്തിന് സാധ്യമായിരുന്നു.

ആശയപരമായി ചില വിയോജിപ്പ് ഉണ്ടെങ്കിലും കൂട്ടത്തില്‍ മുരളി ഗോപിയുടെ രചനയില്‍ പിറന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സമകാലീന രാഷ്ട്രീയത്തെ ദൃശ്യവത്കരിച്ച മികച്ച സൃഷ്ടിയാണ്കാറ്റിലും പദ്മരാജന്റെ കഥാപ്രപഞ്ചത്തിന്റെ ഉള്‍ താളുകളില്‍ നിന്നായിരുന്നു അരുണ്‍ കുമാര്‍ അരവിന്ദ് ഒരു ചിത്രം മെനഞ്ഞെടുത്തത്.അണ്ടര്‍ വേള്‍ഡ് നാല് മനുഷ്യര്‍ക്കിടയില്‍ അവശേഷിക്കുന്ന അധോലോക കഥയുടെ അലസമായ ആവിഷ്‌കാരമാണ്.

ടീസറും ട്രെയിലറും പ്രേക്ഷനില്‍ സൃഷ്ടിച്ച ഒരു മൂഡ് തന്നെയാണ് ചിത്രത്തിന്റേത്. അധോലോക കഥകള്‍ എന്നും മലയാളികള്‍ക്ക് പ്രിയമേറിയതാണ്. യുവാക്കളാണെങ്കില്‍ അതെന്നും പ്രേക്ഷന് ഹരം തന്നെയാണ്. അണ്ടര്‍ വേള്‍ഡ് ഹരം പകരാത്ത,അലക്ഷ്യമായൊരു ശ്രമമാണ്. തുടക്ക രംഗങ്ങള്‍ മുതലെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ഏത് ദിശയിലേക്ക് സഞ്ചരിക്കുവാന്‍ തീരുമാനിച്ചവരാണെന്ന് വ്യക്തമാണ്. നാല് അപരിചിതരായ കഥാപാത്രങ്ങളെ കോര്‍ത്തിണക്കുന്നത് പണം എന്നൊരൊറ്റ കാര്യമാണ്. ഏവര്‍ക്കും ആര്‍ത്തിയും കൊതിയും ഒരുപോലെയുള്ള പണത്തിന് വേണ്ടി വേട്ടയാടുന്നതിന്റെ വേട്ടയാടപ്പെടുന്നതിന്റെ കഥയാണ് പ്രത്യക്ഷത്തില്‍ ഈ ചിത്രം.

പണത്തെ ചുറ്റി പറ്റി ഒരു ദൗത്യം പ്രമേയമായി ഒരുപാട് ചിത്രങ്ങള്‍ ജന്മം കൊണ്ടിട്ടുണ്ട്. മങ്കാത്ത പോലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം ഒരു നെഗറ്റീവ് ടച്ചുള്ള അവതരണമാണ് ചിത്രത്തിലേതും. എങ്കിലും ഒട്ടേറെ കഥാപാത്രങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തി അവയെല്ലാം ദിശയില്ലാതെ സഞ്ചരിക്കുകയാണ് ആദ്യ പകുതിയില്‍.കഥയിലേക്ക് മെല്ലെ കത്തി പടരുമെന്നു എവിടെയൊക്കെയോ ഒരു പ്രതീക്ഷ പ്രേക്ഷനില്‍ ജനിക്കുമ്പോള്‍ തന്നെ, രണ്ടാം പകുതിയില്‍ അതേ പ്രേക്ഷകന്റെ മനം പിടിച്ചു നിര്‍ത്താന്‍ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയ്ക്ക് സാധ്യമാകുന്നില്ല.

സ്റ്റാലിനെയും, മജീദിനെയും, സോളമനെയും എല്ലാം കൂടി ചേര്‍ത്ത് ഒരു ദിശയിലേക്ക് എത്തിക്കുവാന്‍ സംവിധായകനും തിരക്കഥാകൃത്തും ഏറെ കഷ്ടപ്പെടുന്നത് പോലെ പലയിടത്തും അനുഭവപ്പെട്ടു. ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന സാഹചര്യങ്ങളും, സംഘട്ടനങ്ങളുമെല്ലാം പ്രേക്ഷകന്റെ മനസ്സില്‍ ഏല്‍ക്കാതെ അങ് തട്ടി പോവുകയാണ്. സ്റ്റാലിന്‍ ഭയങ്കര മോശമാണെന്ന് സ്റ്റാലിന്‍ മാത്രമാണ് ചിത്രത്തില്‍ പറയേണ്ടി വരുന്നത്. അദ്ദേഹം അദ്ദേഹത്തിന് കൊടുക്കുന്ന ബിള്‍ഡ് അപ്പ് ഒരിക്കലും പ്രേക്ഷകന് അയാള്‍ക്ക് നല്‍കുവാന്‍ സാധിക്കില്ല.

മജീദ് രൂപത്തില്‍ മാത്രം ഒരു റഫ് ഫീല്‍ പ്രതിഫലിപ്പിക്കുവാന്‍ സാധിച്ചു.പ്രകടനത്തില്‍ പാതി വെന്ത കഥാപാത്രത്തിന്റെ സീരിയസ്‌നെസ് ഫര്‍ഹാന്‍ എന്ന നടന് പ്രതിഫലിപ്പിക്കുവാന്‍ സാധ്യമായില്ല. ഗൗരവങ്ങള്‍ എല്ലാം മനപൂര്‍വം മുഖത്ത് വരുത്തുന്നതിന്റെ എല്ലാ അഭാവങ്ങളും വ്യക്തമായിരുന്നു.സംഘട്ടന രംഗങ്ങള്‍ ഇടി കൊള്ളാന്‍ മനഃപൂര്‍വം നിന്ന് കൊടുക്കുന്നതെല്ലാം വല്ലാത്ത പക്വതയില്ലായ്മയായി അനുഭവപ്പെട്ടു.

അദ്ദേഹത്തിന്റെയും സ്റ്റാലിന്റെയുമെല്ലാം കഥാപാത്രം ഇനിയും ആഴത്തില്‍ എഴുതപ്പെട്ടിരുന്നെങ്കില്‍ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രത്തില്‍ ആഴമേറിയ ഒരു സുഹൃത്ത് ബന്ധത്തിന്റെ സാധ്യതയുണ്ടായിരുന്നു. എഴുത്തില്‍ പ്രകടമാകുന്ന ആലസ്യം ചിത്രത്തില്‍ ഉടനീളം പ്രകടമാണ്. രണ്ടോ മൂന്നോ സീനുകളില്‍ വന്ന് പോകുന്ന നായികമാര്‍ ഉത്തമ ഉദാഹരണമാണ് അതിന്.സംയുക്ത മേനോനെ എല്ലാം എന്തിന് കാസ്റ്റ് ചെയ്തു എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

മുകേഷ് അവതരിപ്പിക്കുന്ന പത്മനാഭന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് ഇനിയും അത്ഭുതം സൃഷ്ടിക്കുവാന്‍ സാധ്യമായിരുന്നു. സംഭാഷണത്തില്‍ അദ്ദേഹത്തിനുള്ള ടൈമിംഗ് അസാധ്യമാണ് മുന്‍പും. ഒരു പ്രതിനായകന്റെ സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനമുണ്ട്, അതില്‍ പ്രതിഫലിക്കുന്ന വില്ലനിസവും. അതെല്ലാം ചിലയിടങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. പത്മനാഭന്‍ എന്നത് അണ്ടര്‍ വേള്‍ഡ് എന്ന പേരുള്ള ഒരു സിനിമയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ വില്ലന്‍ തന്നെയാണ്.

മുകേഷ് അതിനേറ്റവും അര്‍ഹനായ നടനും. മുകേഷ് എന്ന നടനെ അതിലേക്ക് തിരഞ്ഞെടുത്തത് തന്നെ വേറിട്ട ഒരു ചിന്തയാണ്. കോടികളുടെ അഴിമതി കാണിച്ചു ജയിലില്‍ ശിക്ഷക്ക് കഴിയുന്ന ഒരു രാഷ്ട്രീയക്കാരന്‍. പുറം ലോകത്ത് തോക്കും,മസ്സില്‍ പവറും, മൂര്‍ച്ചയേറുന്ന ഭീഷണിയും മുഴക്കി നടക്കുന്ന വില്ലന്മാരേക്കാള്‍ ഇരട്ടി മാസ്സും ക്ലാസ്സും പത്മനാഭന്‍ എന്ന കഥാപാത്രത്തിന് ജയിലിനകത്തെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകന് സമ്മാനിക്കമായിരുന്നു. മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളെ കെട്ടിപ്പടുത്തിയര്‍ത്തുന്നതില്‍ പറ്റിയ പിഴവ് പത്മനാഭന്‍ എന്ന കഥാപാത്രത്തിന്റെയും ആഴം നികത്തി. ലാല്‍ ജൂനിയറിന്റെ രൂപത്തിനും ശരീര ഭാഷയ്ക്കും ഒത്ത കഥാപാത്രം തന്നെയായിരുന്നു സോളമന്‍.

ചിലപ്പോഴൊക്കെ ലാല്‍ തന്നെ പണ്ടത്തെ വില്ലന്‍ വേഷങ്ങളില്‍ വന്ന് നില്‍ക്കുന്നതായി അനുഭവപെട്ടു. ഒരു മാസ്സ് ഗ്യാങ്സ്റ്റര്‍ സിനിമയെന്നത് മാറ്റി നിര്‍ത്തിയാല്‍ പോലും, ഗ്യാങ്സ്റ്റര്‍ ഡ്രാമയില്‍ പ്രേക്ഷകന് ലഭിക്കുന്ന ഒരു ‘ത്രില്‍’ അണ്ടര്‍ വേള്‍ഡ് എന്ന സിനിമക്ക് തരാന്‍ കഴിയുന്നില്ല. ഹോളിവുഡ് ലെവല്‍ സിനിമറ്റൊഗ്രാഫിയും,ഡയറക്ഷനും മാത്രം കൊണ്ട് ഒരു അധോലോക കഥ പറയുവാന്‍ സാധ്യമല്ല എന്ന് അണ്ടര്‍ വേള്‍ഡ് തെളിയിക്കുകയാണ്.അതിന് കണ്ടന്റ് കൂടി നായകന്‍ ആകണം എന്ന് ചിത്രം ബോധ്യപ്പെടുത്തുകയാണ്. സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും കൂടുതല്‍ വ്യക്തതയും ആഴവും പതിപ്പിക്കേണ്ടതുണ്ട്. രണ്ടര മണിക്കൂര്‍ നേരം എങ്ങോട്ടെന്നില്ലാതെ പോകുന്ന കഥയും കഥാപാത്രങ്ങളും പ്രേക്ഷകന് നിരാശയാണ് സമ്മാനിക്കുക

DoolNews Video

ശംഭു ദേവ്

We use cookies to give you the best possible experience. Learn more