കൊച്ചി: എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍.
പുരസ്‌കാരം കൈമാറാനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ വലിയ താത്പര്യത്തോടെയല്ലാതെ രമേശ് നാരായണന്‍ ആസിഫില്‍ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകന്‍ ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയില്‍ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു രമേശ് നാരായണന്‍.
ജയരാജന്‍ നല്‍കിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് നാരായണന്‍ ക്യാമറകള്‍ക്ക് പോസ് ചെയ്യുന്നുമുണ്ട്. ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് ഇദ്ദേഹം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ആസിഫിന് ഒരു ഷേക്ക് ഹാന്‍ഡ് നല്‍കാനോ അദ്ദേഹത്തിന്റെ മുഖത്ത് ഒന്ന് നോക്കാനോ പോലും രമേശ് നാരായണന്‍ തയ്യാറാകുന്നില്ല. ഇത് വീഡിയോയിലും വ്യക്തമാണ്.
സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്. രമേശ് നാരായണന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഒരു പൊതുചടങ്ങില്‍ ക്യാമറകള്‍ക്ക് മുന്നില്‍ അപമാനിതന്‍ ആവുക എന്നത് വല്ലാത്തൊരു അവസ്ഥ ആണെന്നും ആസിഫ് അലിയോടുള്ള രമേശ് നാരായണന്റെ പെരുമാറ്റം അംഗീകരിക്കാന്‍ ആകില്ലെന്നുമാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
രമേശ് നാരായണന് അവാര്‍ഡ് നല്‍കാന്‍ ചെന്ന ആസിഫിനെ ഹസ്തദാനം പോലും ചെയ്യാതെ സംവിധായകന്‍ ജയരാജിനെ വിളിച്ചു വരുത്തി അവാര്‍ഡ് കൈപ്പറ്റുക ആയിരുന്നെന്നും തെറ്റിദ്ധാരണ ഉണ്ടായി എന്നൊക്കെ പറഞ്ഞു സംഭവം ഒതുക്കാന്‍ ആണ് സാധ്യതയെന്നും ചിലര്‍ ഫേസ്ബുക്കില്‍ എഴുതി.
മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരിസാണ് മനോരഥങ്ങള്‍.
ചിത്രങ്ങള്‍ സീ 5 ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസിനെത്തും. കമല്‍ഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക.
സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം.ടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതിയാണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ‘ശിലാലിഖിതം’ എന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ആന്തോളജിയിലെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്.
എം.ടിയുടെ ആത്മകഥാംശമുള്ള പി.കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലയില്‍ എം.ടി എഴുതിയ യാത്രാക്കുറിപ്പാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’.
‘ഷെര്‍ലക്ക്’ എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവരഭിനയിച്ച ‘സ്വര്‍ഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്യുന്നു.
പാര്‍വതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റ്’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.ടിയുടെ ‘വില്‍പ്പന’ എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്.
Content Highlight: Asif Ali Jayarajan Ramesh Narayanan Manoradham award issue