' ഓമനക്കുട്ടന്റെ വിധി ഇതാവരുത്'; സംവിധായകനു പിന്നാലെ നല്ല സിനിമയെ കയ്യൊഴിയരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച് ആസിഫ് അലിയും
Daily News
' ഓമനക്കുട്ടന്റെ വിധി ഇതാവരുത്'; സംവിധായകനു പിന്നാലെ നല്ല സിനിമയെ കയ്യൊഴിയരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച് ആസിഫ് അലിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd May 2017, 5:18 pm

കോഴിക്കോട്: മികച്ച പ്രതികരണം ലഭിച്ചിട്ടും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തിയ്യറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നതിനെതിരെ ചിത്രത്തിലെ നായകന്‍ ആസിഫ് അലിയും രംഗത്ത്.

” പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ, പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്റെ വിധി ഇതാവരുത്.” എന്നായിരുന്നു ആസിഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


Also Read: ‘കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്’; നിസ്സഹായനായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍


നേരത്തെ ചിത്രം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സംവിധായകന്‍ രോഹിത്തും ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്” എന്നായിരുന്നു രോഹിതിന്റെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് നായകനും രംഗത്തെത്തിയത്.

തന്റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ രീതിയെക്കുറിച്ചും വ്യത്യസ്തതകളെക്കുറിച്ചും കിട്ടിയ അഭിപ്രായങ്ങള്‍ ശരിക്കും ത്രില്ലടിപ്പിച്ചുവെന്നും പക്ഷേ, ഈ സിനിമയുടെ ഡിസ്റ്റ്രിബ്യൂഷന്‍ വേണ്ടത്ര രീതിയില്‍ നടന്നില്ല എന്നാണ് തനിക്കിപ്പോള്‍ മനസ്സിലാകുന്നതെന്നും പറഞ്ഞ ആസിഫ് അത് തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേര്‍, ഗോധ സിനിമയുടെ ഡയറക്ടര്‍ ബേസില്‍,ആഷിക് അബു, റിമ അങ്ങനെ പലരും ഈ ചിത്രം കണ്ട് നല്ല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷന്‍ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് ആസിഫ് പറയുന്നു.


Don”t Miss: ‘മോദിയെ കൊല്ലുന്നവര്‍ക്ക് 50 കോടി പാരിതോഷികം’; മോദിയുടെ തലയ്ക്ക് വിലയിട്ട് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ സന്ദേശം


ഇതൊരു ബ്രില്ല്യന്റ് എക്‌സ്റ്റ്രാ ഓര്‍ഡിനറി സിനിമയാണെന്നൊന്നും താന്‍ അവകാശപ്പെടുന്നില്ലെന്നു പറഞ്ഞ ആസിഫ് ചിത്രത്തിന് നിങ്ങളിലെ സിനിമാ ആസ്വാദനത്തെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ പറ്റും എന്നു തനിക്ക് ഉറപ്പുണ്ടെന്നും ഈ സിനിമ കാണാത്തവര്‍ തീയ്യറ്ററില്‍ പോയി ഈ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയണമെന്നും പറയുന്നു.

ആസിഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.