| Thursday, 27th June 2024, 1:03 pm

തല്ല്..എന്നെ തല്ല്.. എന്ന് ബിജുമേനോനോട് ആസിഫ്, പൊരിഞ്ഞ അടി; ഷൂട്ടിങ് ബ്രേക്കാവുമെന്ന് വരെ കരുതി: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയും ബിജുമേനോനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ഇരുവരുടേയും കാര്യങ്ങള്‍ വളരെ വിചിത്രമാണെന്നും രണ്ടുപേരും അടിയുണ്ടാക്കുന്നത് കണ്ടാല്‍ ആ സിനിമയുടെ ഷൂട്ടിങ് ബ്രേക്ക് ആവുമെന്ന് വരെ നമ്മള്‍ കരുതിപ്പോകുമെന്നാണ് ജിസ് ജോയ് പറഞ്ഞത്. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്ന വിഷയങ്ങളാണ് അതിനേക്കാള്‍ രസകരമെന്നും ജിസ് ജോയ് പറഞ്ഞു.

ബിജു ചേട്ടന് ഇവന്‍ വണ്ടി ഇത്തിരി അധികം സ്പീില്‍ ഓടിച്ചാല്‍ പോലും വഴക്ക് പറയും. ബിജു ചേട്ടന് ടെന്‍ഷനാണ്. അങ്ങനെ വഴക്ക് തുടങ്ങും. നമ്മള്‍ വിചാരിക്കും വഴക്ക് ഇപ്പോള് തീരുമെന്ന്. വഴക്ക് അങ്ങ് കൂടി ഇപ്പോള്‍ തല്ലുമെന്ന അവസ്ഥയിലെത്തും. തല്ല് എന്നെ തല്ല് എന്ന് ഇവന്‍.

ഇതെന്താ നടക്കുന്നത് എന്ന് എനിക്ക് തോന്നും. ആരെങ്കിലും കണ്ടാല്‍ എന്തുപറയുമെന്ന് ഞാന്‍ ചോദിക്കും. പക്ഷേ ഒരു പത്ത് മിനുട്ട് കഴിയുമ്പോള്‍ എടാ അവന്‍ പിണങ്ങിപ്പോയെടാ എന്ന് ബിജു ചേട്ടന്‍ എന്റെ അടുത്ത് വന്ന് പറയും.

വാടാ നമുക്ക് അവന്റെ റൂമില്‍ പോകാമെന്നായി എന്നോട്. ചേട്ടാ അവന്‍ ഉറങ്ങി. ഇല്ലെടാ എനിക്ക് അവനെ കാണണം. ചേട്ടാ അവന്‍ ഉറങ്ങി ചേട്ടാ മൂന്ന് മണിയായെന്ന് ഞാന്‍. ഇല്ലെടാ ഡോറ് തുറക്ക് എന്നൊക്കെ പറഞ്ഞ് എന്റെ അടുത്ത് വരും. ഞാന്‍ ഇവന്റെ മുറിയില്‍ പോയി ബെല്ലടിക്കും. ഇവനാണെങ്കില്‍ നല്ല ഉറക്കമായിരിക്കും. അങ്ങനെ ഹോട്ടല്‍ റൂമിന്റെ മാനേജനെ രണ്ട് കീ വാങ്ങി ബിജു ചേട്ടന്‍ ഇവന്റെ റൂം പുറത്തു നിന്ന് തുറന്ന് ഇവനെ പോയി കണ്ട് അവനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. ഇതൊക്കെയാണ് കഥകള്‍,’ ജിസ് ജോയ് പറഞ്ഞു.

ബിജു ചേട്ടന് ജീവിതത്തില്‍ ഏറ്റവും വിലകല്‍പ്പിക്കുന്നത് സൗഹൃദങ്ങള്‍ക്കാണെന്നും അദ്ദേഹത്തിന് സുഹൃത്തുക്കള്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂവെന്നും ആസിഫും പറഞ്ഞു.

ബിജു ചേട്ടന്റെ കാര്യം പറയാന്‍ കുറേയുണ്ട്. തലവന്റെ ഷൂട്ടൊക്കെ കഴിഞ്ഞ് വൈകീട്ട് പാക്കപ്പ് ആകുമ്പോള്‍ ഞാന്‍ ബിജു ചേട്ടന്റെ റൂമില്‍ പോകും. ചന്ദന ലോറിയുമായിട്ട് പൊലീസ് സ്റ്റേഷന്റെ ഫ്രണ്ടില്‍ കൂടി പോകുന്ന പോലെയാണ്. പിടിച്ചാല്‍ അകത്താണ്. പിന്നെ ഇറങ്ങണമെങ്കില്‍ രാവിലെ ആരെങ്കിലും വരണം, എന്ന് ആസിഫ് പറഞ്ഞപ്പോള്‍

ബിജു ചേട്ടന്റെ റൂം ഭ്രമയുഗത്തിലെ മമ്മൂക്കയുടെ ഇല്ലമാണെന്നും കയറിക്കഴിഞ്ഞാല്‍ പിന്നെ പുള്ളി പറഞ്ഞാലേ ഇറങ്ങാന്‍ പറ്റുള്ളൂ എന്നായിരുന്നു ജിസ് ജോയുടെ കമന്റ്.

‘ സുഹൃത്തുക്കള്‍ക്ക് ജീവിതത്തില്‍ ഇത്രയും സ്‌പേസ് കൊടുക്കുന്ന ആളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ബിജു ചേട്ടന്റെ സുഹൃത്തുക്കള്‍ അദ്ദേഹം ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞിട്ട് വരും. ഒരു ദിവസം ഞാന്‍ ചേട്ടന്റെ റൂമിലേക്ക് ചെന്നതാണ്. ഡോര്‍ ലോക്ക് ചെയ്തിട്ടില്ല. ഞാന്‍ ഡോര്‍ തുറക്കുമ്പോള്‍ വലിയ സ്യൂട്ട് റൂമിന്റെ ഗസ്റ്റ് റൂമിലെ രണ്ട് എക്‌സ്ട്രാ ബെഡില്‍ രണ്ട് പേര്‍ കിടക്കുന്നു. നല്ല തണുപ്പായതുകൊണ്ട് തല വഴി ബ്ലാങ്കറ്റ് ഇട്ടിട്ടാണ് കിടക്കുന്നത്. ബെഡ് റൂമിന്റെ ഡോര്‍ തുറന്നപ്പോള്‍ അവിടെ ബെഡില്‍ രണ്ട് പേര്‍ എക്‌സ്ട്രാ ബെഡില്‍ താഴെ രണ്ട് പേര്‍. എല്ലാവരും തലവഴി മൂടിയാണ് കിടക്കുന്നത്. നല്ല ഉറക്കാണ്. സ്വാഭാവികമായും ബെഡില്‍ കിടക്കുന്നത് ബിജു ചേട്ടന്‍ ആയിരിക്കും.

ബ്ലാങ്കറ്റ്  മാറ്റിയപ്പോള്‍ അത് ചേട്ടനല്ല ഞാന്‍ നോക്കിയ കൂട്ടത്തിലൊന്നും ബിജു ചേട്ടനില്ല. ബിജു ചേട്ടന്‍ എവിടെ, ഇവിടെ ഇല്ലേ എന്ന് ചോദിച്ചു. പിന്നെ തിരഞ്ഞപ്പോഴാണ് കയറി വരുമ്പോള്‍ കണ്ട ഗസ്റ്റ് റൂമിന്റെ നിലത്ത് ഒരു എക്‌സ്ട്രാ ബെഡ് വാങ്ങിച്ചിട്ട് പുള്ളി കിടക്കുകയാണ്.

സുഹൃത്തുക്കളെ ഏറ്റവും കംഫര്‍ട്ടിബിളാക്കി നിര്‍ത്തുന്ന ആളാണ് അദ്ദേഹം. എന്റെ ഒരു അടുപ്പം വെച്ച് ഇവര്‍ ഇറങ്ങിപ്പോകാതിരിക്കാന്‍ പുള്ളി ഡോറിന്റെ അവിടെ കിടക്കുകയാവാനാണ് സാധ്യത. നാലും അഞ്ചും ദിവസമൊക്കെയാണ് സുഹൃത്തുക്കള്‍ വന്ന് നില്‍ക്കുക,’ ആസിഫ് പറഞ്ഞു.

Also Read: ഷാരൂഖ് ഖാന്‍ ചെയ്തതുപോലെ ഇന്ത്യയിലെ ഒരു സൂപ്പര്‍സ്റ്റാറും ചെയ്യില്ല: കമല്‍ ഹാസന്‍

Content Highlight: Asif Ali Biju Menon Conflict on Shooting Set Jis Joy

We use cookies to give you the best possible experience. Learn more